[ Photo Courtesy : BCCI ]
മുംബൈ : അന്താരാഷ്ട്ര വനിത ക്രിക്കറ്റിലെ അതിവേഗ അർദ്ധ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡിനൊപ്പമെത്തി ഇന്ത്യൻ താരം റിച്ച ഘോഷ്. വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ മൂന്നാം ട്വന്റി20 യിൽ 18 പന്തുകളിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്ററുമായ റിച്ച അർദ്ധ സെഞ്ച്വറി തികച്ചത്. ന്യൂസിലാൻഡ് താരം സോഫിയ ഡിവൈൻ, ഓസീസ് താരം ഫോബ് ലിച്ച്‌ഫീൽഡ് എന്നിവരും 18 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ താരങ്ങളാണ്.
അതിനിടയിൽ, റിച്ച ഘോഷിൻ്റെ അതിവേഗ അർദ്ധ സെഞ്ച്വറിയുടെ കൂടി ബലത്തിൽ വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. നിർണ്ണായകമായ മൂന്നാം മത്സരത്തിൽ 60 റൺസിന്റെ വിജയമാണ് ഇന്ത്യൻ വനിതകൾ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. വിൻഡീസിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ അവസാനിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.
[ പരമ്പരയിലെ താരം – സ്മൃതി മന്ദാന /ഫോട്ടോ ബിസിസിഐ ]
നേരത്തെ ടോസ് നേടിയ വിൻഡീസ് വനിതകൾ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്മൃതി മന്ദാന 47 പന്തില്‍ 77 റൺസ്, റിച്ചാ ഘോഷ് 21 പന്തിൽ 54 റൺസ് എന്നിവരുടെ അര്‍ദ്ധ സെഞ്ചുറിയാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ആദ്യ ഓവറിൽ തന്നെ (0) ഉമ ഛേത്രിയെ ഇന്ത്യക്ക് നഷ്ടമായിരുന്നു. രണ്ടാം വിക്കറ്റിൽ ജമീമ റോഡ്രിഗസ് എത്തിയതോടെ കളി ഇന്ത്യൻ കൈയ്യിലായി. ഇരുവരും ആക്രമിച്ച് കളിച്ചപ്പോൾ വിൻഡീസ് ബൗളർമാർ വിയർത്തു. 27 പന്തിൽ മന്ദന അർദ്ധ സെഞ്ചുറി തികച്ചു. താരത്തിൻ്റെ തുടർച്ചയായ മൂന്നാം ഫിഫ്റ്റിയായിരുന്നു ഇത്. 98 റൺസിൻ്റെ കൂട്ടുകെട്ടാണ് മന്ദനയും ജമീമയും ചേർന്ന് കെട്ടിപ്പടുത്തത്. പതിനൊന്നാം ഓവറിലെ ആദ്യ പന്തിൽ ജമീമ മടങ്ങി. 28 പന്തിൽ 39 റൺസ് നേടിയാണ് താരം പുറത്തായത്.
നാലാം നമ്പറിലെത്തിയ രാഘവി ബിശ്റ്റ് ആദ്യ കളിയിൽ നിരാശപ്പെടുത്തിയെങ്കിലും വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നാം വിക്കറ്റിൽ മന്ദനയുമായി ചേർന്ന് 44 റൺസ് കൂട്ടിച്ചേർത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. 47 പന്തിൽ 77 റൺസ് നേടിയാണ് മന്ദന പുറത്തായത്. പിന്നീടാണ് റിച്ച ഘോഷിൻ്റെ അതിവേഗ സെഞ്ചുറി പിറന്നത്.
മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് വനിതകൾക്കായി ചിനെല്ലെ ഹെന്റി 43 റൺസെടുത്ത് പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഡിയാന്ദ്ര ഡോട്ടിന്‍ 25 റൺസും ഹെയ്‌ലി മാത്യൂസ് 22 റൺസും നേടി. ഇന്ത്യയ്ക്കായി രാധാ യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി.