പട്ന : തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന് പേരെടുത്ത പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി കന്നി മത്സരത്തിനിറങ്ങിയപ്പോൾ സീറ്റൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, എല്ലാ സീറ്റിലും കെട്ടിവച്ച കാശും പോയി. ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലാണ് പ്രശാന്ത് കിഷോറിൻ്റെ പാർട്ടി മത്സരിച്ചത്. ഇമാംഗഞ്ച്, ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളിലാണ് കന്നി യംഗത്തിനിറങ്ങിയത്. ജിതേന്ദ്ര പാസ്വാൻ, മുഹമ്മദ് അമാജദ്, സുശീൽ കുമാർ സിങ്, കിരൺ സിങ് എന്നിവരാണ് ജൻ സൂരജ് പാർട്ടിക്ക് വേണ്ടി മത്സര രംഗത്തുണ്ടായിരുന്നത്.
ഒക്‌ടോബർ രണ്ടിനു പ്രശാന്ത് കിഷോർ തന്റെ പാർട്ടി ആരംഭിച്ചപ്പോൾ തന്നെ 2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് മുന്നോടിയായിട്ടായിരിക്കണം ഉപതെരഞ്ഞെടുപ്പിൽ പരീക്ഷണത്തിനിറങ്ങിയത്. ഫലം, പ്രശാന്തിൻ്റെ പാർട്ടി മത്സരിച്ച 4 നിയമസഭാ മണ്ഡലങ്ങളിലും എൻഡിഎ വിജയിച്ചു കയറി. നഷ്ടം, ഇന്ത്യാസഖ്യത്തിനും. മൂന്നു സിറ്റിങ് സീറ്റുകളും നഷ്ടമായി.
എൻഡിഎയിൽ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) സിറ്റിങ് സീറ്റായ ഇമാംഗഞ്ച് നിലനിർത്തിയപ്പോൾ ബിജെപി രണ്ട് സീറ്റും ജെഡിയു ഒരു സീറ്റും ഇന്ത്യാസഖ്യത്തിൽ നിന്നു പിടിച്ചെടുത്തു. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി ഒഴിഞ്ഞ ഇമാംഗഞ്ച് സീറ്റിൽ മരുമകൾ ദീപാ സന്തോഷ് മാഞ്ചി വിജയിച്ചു. ആർജെഡിയുടെ കോട്ടയായി കരുതപ്പെട്ട ബേലാഗഞ്ച് സീറ്റിൽ ജെഡിയു സ്ഥാനാർത്ഥി മനോരമ ദേവി അട്ടിമറി വിജയം നേടി. സിപിഐ (എംഎൽ) സിറ്റിങ് സീറ്റായ തരാരി ബിജെപിയുടെ വിശാൽ പ്രശാന്ത് പിടിച്ചെടുത്തു. രാംഗഡ് ബിജെപിയുടെ അശോക് കുമാർ സിങ് വിജയിച്ചു.