തിരുവനന്തപുരം : 70 വയസ്സ് കഴിഞ്ഞവർക്കു അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന്റെ റജിസ്ട്രേഷനിലെ ആശയക്കുഴപ്പം നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ച് കേരളം. ആയുഷ്മാൻ ഭാരതിന്റെ ഭാഗമായ പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നു സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലെ (എസ്എച്ച്എ) ഉദ്യോഗസ്ഥർ പറഞ്ഞു.
70 കഴിഞ്ഞവർക്ക് കേന്ദ്ര വെബ്സൈറ്റായ www.beneficiary.nha.gov.in വഴി റജിസ്ട്രേഷൻ നടത്താം. എംപാനൽ ചെയ്ത ആശുപത്രികളുടെ പട്ടികയും സൈറ്റിലുണ്ട്. റജിസ്റ്റർ ചെയ്തവർക്കെല്ലാം ഈ ആശുപത്രികളിൽ ഉടൻ ചികിത്സ ലഭിക്കുമെന്നാണ് പലരും കരുതുന്നത്. പക്ഷേ അതിന് സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.