ജിദ്ദ : റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി അമേരിക്ക-യുക്രൈൻ പ്രതിനിധികൾ ഇന്ന് ജിദ്ദയിൽ ചർച്ച നടത്തും. ചർച്ചയ്ക്ക് മുന്നോടിയായി ഇന്നലെ ജിദ്ദയിലെത്തിയ യുക്രെയിൻ പ്രസിഡന്റ് വ്ളാദമിർ സെലൻസ്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി. സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി കൂടെയുണ്ടാകുമെന്ന് കിരീടാവകാശി പറഞ്ഞു.
ഇന്ന് നടക്കുന്ന സമാധാന ചർച്ചയിൽ സെലൻസ്കി നേരിട്ട് പങ്കെടുക്കുന്നില്ല. ചർച്ചയ്ക്കായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുളള സംഘം ഇന്നലെ ജിദ്ദയിലെത്തി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സൗദിയുടെ മദ്ധ്യസ്ഥതയിൽ ഇന്ന് നടക്കുന്ന അമേരിക്ക-യുക്രൈൻ ഉന്നത തല ചർച്ചയിൽ വ്യോമ നാവിക വെടിനിർത്തൽ നിർദ്ദേശം മുന്നോട്ട് വെയ്ക്കുമെന്നാണ് റിപ്പോർട്ട്. ജിദ്ദയിൽ നടക്കുന്ന ചർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.