ന്യൂഡല്‍ഹി: ഉപയോഗിച്ച വാഹനങ്ങള്‍ കമ്പനികള്‍ വില്‍പ്പന നടത്തുമ്പോള്‍ ചുമത്തുന്ന ജി.എസ്.ടി നിലവിലുള്ള 12% ത്തിൽ നിന്ന് 18 % ആയി ഉയര്‍ത്തി. ഇലക്ട്രിക്ക്, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സഹമന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ജിഎസ്ടി കൗൺസിലിൻ്റെ 55-ാമത് യോഗത്തിലാണ് തീരുമാനം. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങള്‍ വ്യക്തികള്‍ വില്‍പ്പന നടത്തുകയാണെങ്കില്‍ ജി.എസ്.ടി ഉണ്ടാവില്ല. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനമാണ്.
എ.സി.സി ബ്ലോക്കുകള്‍ക്ക് 50 ശതമാനവും ഫ്‌ളൈ ആഷിന് 12 ശതമാനവും ജി.എസ്.ടി ചുമത്തും. ജീന്‍ തെറാപ്പിയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി. വ്യോമയാന വ്യവസായത്തിൻ്റെ ചെലവിനായി ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരുമെന്ന് കരുതിയെങ്കിലും തീരുമാനമായില്ല.
ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ ജി.എസ്.ടി കുറയ്ക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമുണ്ടാകും എന്നതിനാലാണിത്
ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള കൗൺസിൽ രൂപീകരിച്ച മന്ത്രിമാരുടെ സംഘം നവംബറിൽ നടന്ന യോഗത്തിൽ ടേം ലൈഫ് ഇൻഷുറൻസ് പോളിസികൾക്കുള്ള ഇൻഷുറൻസ് പ്രീമിയങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുന്നതിന് സമ്മതിച്ചിരുന്നു. മുതിർന്ന പൗരന്മാർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്കായി അടക്കുന്ന പ്രീമിയത്തിന് നികുതി ഇളവ് നൽകാനും നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. കൂടാതെ, മുതിർന്ന പൗരന്മാർ ഒഴികെയുള്ള വ്യക്തികൾ 5 ലക്ഷം രൂപ വരെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസിനായി അടച്ച പ്രീമിയം ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശിക്കപ്പെട്ടിരുന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളും പ്രീമിയത്തിന്മേലുള്ള നികുതി കുറയ്ക്കുന്നതിന് അനുകൂലമായതിനാൽ ജിഎസ്ടിക്ക് കീഴിലുള്ള ഇൻഷുറൻസ് നികുതി സംബന്ധിച്ച അന്തിമ തീരുമാനം ശനിയാഴ്ച ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഉണ്ടായില്ല
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമുകളിൽ നിലവിലുള്ള 18 ശതമാനത്തിൽ നിന്ന് (ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെ) 5 ശതമാനമായി കുറയ്ക്കാനുള്ള നിർദ്ദേശവും ഇന്നത്തെ യോഗത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ല.
ശീതളപാനീയങ്ങൾ, സിഗരറ്റ്, പുകയില, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ നികുതി നിലവിലെ 28 ശതമാനത്തിൽ നിന്ന് 35 ആയി ഉയർത്താനുള്ള ശുപാർശ യിലും തീരുമാനം കൈക്കൊണ്ടിട്ടില്ല