[പ്രതീകാത്മക ചിത്രം/ x]
റിയാദ് : സൗദിയ എയർലൈൻസ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും പറക്കും. ഡിസംബർ ആദ്യ ആഴ്ച മുതൽ റിയാദിലേക്ക് സർവീസുകൾ തുടങ്ങാനാണ് ധാരണയായത്. 2015 ലാണ് കോഴിക്കോട് നിന്നുമുള്ള സർവീസ് സൗദിയ എയർലൈൻസ് അവസാനിപ്പിച്ചത്.
20 ബിസിനസ് ക്ലാസ് സീറ്റുകളും, 160 ഇക്കണോമി സീറ്റുകളുമുള്ള വിമാനമായിരിക്കും സർവ്വീസിന് ഉപയോഗിക്കുക. ബെംഗളൂരു, ചെന്നൈ,മുംബൈ,ഡൽഹി, ഹൈദരാബാദ്, ലക്നൗ, തിരുവന്തപുരം, കൊച്ചി എന്നീ സെക്ടറുകളിലേക്ക് സൗദിയ നിലവിൽ സർവ്വീസ് നടത്തുന്നുണ്ട്.
(Saudi Airlines/X)
കോഴിക്കോട് വിമാനത്താവള ഉപദേശകസമതി ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിൽ കരിപ്പൂരിൽ സൗദിയ വിമാനകമ്പനിയുടെ ഉന്നത സംഘവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ തീരുമാനം ഉണ്ടായത്. സൗദിയ എയറിന്‍റെ റീജനൽ ഓപ്പറേഷൻസ് മാനേജർ ആദിൽ മാജിദ് അൽ ഇനാദ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
കോഴിക്കോട് വിമാനത്താവളത്തിന്‍റെ റൺവേ നവീകരണ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി 2015-ൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് സൗദിയ എയർലൈൻസിന് സർവ്വീസ് അവസാനിപ്പിക്കേണ്ടി വന്നത്. പിന്നീട് 2020 ൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതോടെ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ഭാവിക്ക് കൂടി അത് ദോഷകരമായി ബാധിച്ചു. വലിയ വിമാനങ്ങൾ ഇവിടേക്ക് വരുന്നതിന് വിലക്ക് ഏതാണ്ട് പൂർണ്ണമായി തുടർന്നു. ഇനി സൗദിയ എയർലൈൻസിന്‍റെ വലിയ വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്യുന്നതോടെ എമിറേറ്റ്സ്, ഒമാൻ വിമാനങ്ങളും താമസിയാതെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തി നോക്കുമെന്നും അങ്ങനെ കരിപ്പൂരിൻ്റെ ശനിദശ മാറുമെന്നുള്ള പ്രതീക്ഷകൾക്ക് കൂടിയാണ് ചിറക് മുളക്കുന്നത്.