കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ അത്ലറ്റിക്സില്‍ ആദ്യമായി കിരീടം ചൂടി മലപ്പുറം ജില്ല. 242 പോയിൻ്റ് നേടിയാണ് മലപ്പുറം ചരിത്രം തിരുത്തിക്കുറിച്ചത്. 22 സ്വർണവും 32 വെള്ളിയും 24 വെങ്കലവും നേടിയാണ് മലപ്പുറത്തിൻ്റെ കിരീടധാരണം. 213 പോയിൻ്റോടെ രണ്ടാം സ്ഥാനം നേടിയ പാലക്കാട് 25 സ്വർണവും 13 വെള്ളിയും 18 വെങ്കലവും സ്വന്തമാക്കി.

സ്കൂൾ മീറ്റിൽ 1935 പോയിന്റോടെ ഓവറോൾ ചാംപ്യൻമാരായ തിരുവനന്തപുരം ജില്ലക്കാണ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി. സ്കൂളുകളിൽ ചാംപ്യൻമാരായത് ഐഡിയൽ സ്കൂളാണ്. 80 പോയിൻ്റോടെയാണ് കടകശ്ശേരി ഐഡിയൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 44 പോയിൻ്റ് നേടി തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് രണ്ടാം സ്ഥാനം ഉറപ്പിച്ചു. മൂന്നാം സ്ഥാനത്തുളള കോതമംഗലം മാർ ബേസിലിന് ലഭിച്ചത് 43 പോയിന്റാണ്.