ജമ്മു : ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടർമാർ രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണക്കനുസരിച്ച് 3,502 പോളിങ് സ്റ്റേഷനുകളാണ് രണ്ടാം ഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. 1,056 പോളിങ് സ്റ്റേഷനുകള്‍ നഗരത്തിലും 2,446 പോളിങ് സ്റ്റേഷനുകള്‍ ഗ്രാമത്തിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമാപിക്കും.
239 സ്ഥാനാർത്ഥികൾക്കായി 2.57 ദശലക്ഷത്തിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. പ്രദേശത്ത് കനത്ത് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ഘട്ടത്തിൽ 239 സ്ഥാനാർത്ഥികൾക്കൊപ്പം മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മത്സരരംഗത്തുണ്ട്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ 26 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. നാഷണൽ കോൺഫറൻസ് 20, ബിജെപി 17, കോൺഗ്രസ് ആറ് എന്നിവയ്ക്ക് പുറമെ 170 സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.
സെപ്തംബർ 18നായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ്. ഒക്‌ടോബര്‍ ഒന്നിന് നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ നാല്‍പത് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും. 415 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ മത്സരത്തിനിറങ്ങുന്നത്. ഒക്ടോബർ എട്ടിന് വോട്ടെണ്ണൽ നടക്കും.