കോഴിക്കോട്: ചേവായൂർ സർവ്വീസ് സഹകരണം ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്ന് കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താലിനിടെ സംഘർഷം. സ്വകാര്യ ബസ് തടയാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം ബസ് ജീവനക്കാരും പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റത്തിലും ഉന്തും തള്ളിലേക്കുംവരെ
കാര്യങ്ങളെത്തി. ജീവനക്കാരും യാത്രക്കാരും പ്രതിഷേധിച്ചതോടെ പോലീസ് ഇടപെട്ടു. ഇതോടെ, പോലീസിനെതിരെയായി പ്രവർത്തകരുടെ രോഷം. പോലീസിനെ അധിക്ഷേപിച്ച് സംസാരിച്ച ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അസിസ്റ്റന്റ് കമ്മിഷണർക്ക് നേരെ തട്ടിക്കയറി.
പുലർച്ചെ ആറിന് ആരംഭിച്ച ഹർത്താൽ സമാധാനപരമായിരുന്നു. നഗരങ്ങളിൽ വാഹനങ്ങളോടുകയും കടകൾ തുറക്കുകയും ചെയ്തു. രാവിലെ പത്തോടെയാണ് പ്രവർത്തകർ ബസ് തടയാനും കടകൾ അടപ്പിയ്ക്കാനും ശ്രമം തുടങ്ങിയത്. ഇതോടെ, കടയുടമകൾ സ്ഥാപനങ്ങൾ അടയ്ക്കാൻ നിർബന്ധിതരായി. സ്വകാര്യ ബസ് തടഞ്ഞ് ജീവനക്കാരോട് ബസ് ഒതുക്കാനും യാത്രക്കാരെ ഇറക്കിവിടാനും ആവശ്യപ്പെട്ടു.
ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ വരെയാണ് ഹര്‍ത്താല്‍. നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് ഇത്തവണ സി.പി.എം പിന്തുണയുള്ള സഖ്യം പിടിച്ചെടുത്തിരുന്നു.