[ Photo Courtesy : X ]
ഷിർഗാവോ : ഗോവയിലെ ശ്രീഗാവോ ലൈരായ് ദേവി ക്ഷേത്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർക്ക് ദാരുണാന്ത്യം. 30 ലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും (ജിഎംസി) മാപുസയിലെ നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തെത്തുടർന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോർത്ത് ഗോവ ജില്ലാ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ബിച്ചോളിം ആശുപത്രിയും അദ്ദേഹം ഇന്നലെ രാവിലെ സന്ദർശിച്ചു.
തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണത്തെക്കുറിച്ചോ ഇരകളുടെ ഐഡൻ്റിറ്റിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല
വെള്ളിയാഴ്ചയായിരുന്നു ഗോവയിലെ ഷിർഗാവോയിലെ ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിൽ സത്ര ആഘോഷം. ഭക്തിപ്രധാനമായ സത്ര വാർഷിക ഉത്സവത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നും ഭക്തർ ലൈരായ് ദേവിയെ വണങ്ങാനെത്താറുണ്ട്. ഉത്സവത്തിന്റെ പ്രത്യേകത പരമ്പരാഗതമായ ധോണ്ടാച്ചി സത്രമാണ്. ഈ സമയത്ത് ആയിരക്കണക്കിന് ഭക്തർ കത്തുന്ന തീക്കനലുകളിലൂടെ നഗ്നപാദനായി നടക്കും.