ഷാജി എന്‍.കരുണ്‍ അന്തരിച്ചു ; വിട പറഞ്ഞത് മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭ

Date:

തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിൽ പ്രമുഖനായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം.
അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. . നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി സേവനമനുഷ്ഠിക്കുകയായിരുന്നു.

സംവിധായകൻ, ഛായാഗ്രാഹകൻ എന്നീ നിലകളിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ ഭാഗമായ ഷാജി എൻ. കരുണിന് കാനിൽ അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2011 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മലയാള ചലച്ചിത്രമേഖലയിലെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023 ലെ ജെ.സി.ഡാനിയേൽ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഛായാഗ്രാഹകനായി മലയാള സിനിമയില്‍ നാന്ദികുറിച്ച ഷാജി എൻ കരുൺ 40-ഓളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. സംവിധായകനെന്ന നിലയില്‍ ‘പിറവി’യാണ് ആദ്യ ചിത്രം. ‘പിറവി’യ്ക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ)യുടെ അദ്ധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്.

1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976-ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ  ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജി എൻ കരുൺ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡിനും മൂന്ന് തവണ സംസ്ഥാന അവാര്‍ഡിനും അർഹനായി

1988-ല്‍ സംവിധാനം ചെയ്ത ‘പിറവി’യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വ്വം സംവിധായകരിലൊരാളായി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ് ബഹുമതിക്കും അർഹനായിട്ടുണ്ട്.

Share post:

Popular

More like this
Related

ഒടുവിൽ ‘വേടനും’ വലയിലായി ; കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ എസ്എച്ച്ഒ

കൊച്ചി : റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി...

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് ; മുഖ്യപ്രതി നാരായണദാസ് പിടിയിൽ

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ...

‘ലഹരിവിരുദ്ധ നടപടിയിൽ നിന്ന് പിന്തിരിയണം ‘ മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനും നേരെ ബോംബ് ഭീഷണി....