തൃശ്ശൂര്‍: ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കുള്ള നോട്ടീസ് പോലീസ് വീട്ടിലെത്തി കുടുംബത്തിന് കൈമാറി. തൃശ്ശൂർ മുണ്ടൂരിലെ
വീട്ടില്‍ നേരിട്ടെത്തിയാണ് എറണാകുളം നോര്‍ത്ത് പോലീസ് നോട്ടീസ് കൈമാറിയത്. വീട്ടില്‍ ഷൈന്‍ ഇല്ലാതിരുന്നതിനാല്‍ നോട്ടീസ് കുടുംബത്തിന് കൈമാറി. ഷൈന്‍ ടോം ചാക്കോയുടെ പിതാവും സഹോദരനുമടക്കം ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ പത്തുമണിക്ക് എറണാകുളം നോര്‍ത്ത് എസ്‌ഐക്ക് മുമ്പാകെ ഹാജരാവാനാണ് നിര്‍ദ്ദേശം. ഷൈനിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനേത്തുടര്‍ന്നാണ് വീട്ടിൽ നേരിട്ടെത്തി നോട്ടീസ് നല്‍കിയത്.
ഷൈന്‍ ഹാജരാവുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം ഇത് സംബന്ധിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച നടന്‍ സിനിമാ സംഘടനകള്‍ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കുമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ പരിശോധനയ്ക്കിടെ എന്തിന് ഇറങ്ങി ഓടി എന്നതിലാവും പോലീസ് വിശദീകരണം തേടുക. ഹോട്ടലില്‍നിന്ന് കടന്നുകളഞ്ഞ നടൻ ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തതായി വിവരമുണ്ടായിരുന്നു. ഇവിടെനിന്ന് പുലര്‍ച്ചെയോടെ തൃശ്ശൂര്‍ ഭാഗത്തേക്ക് പോയി. ഒടുവില്‍ താരം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് വിവരം.