ലക്നൗ : ജോർജിയ വോളിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ ഹൃദയം നുറുങ്ങി റോയൽ ചാലഞ്ചേഴ്സ്. വനിതാ പ്രീമിയർ ലീഗിൽ യുപി വോറിയേഴ്സ് 12 റൺസ് വിജയം നേടിയതോടെ നിലവിലെ ചാംപ്യൻമാരായ ആർസിബിക്ക് പ്ലേ ഓഫിന് കാത്തുനിൽക്കാതെ പുറത്തേക്കുള്ള വഴിതുറന്നു. ആദ്യം ബാറ്റു ചെയ്ത യുപി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ അവസാന ഓവർ വരെ പൊരുതിയ ബംഗളൂരു മൂന്നു പന്തുകൾ ശേഷിക്കെ 213 റൺസിന് ഓൾ ഔട്ടായി.
ഓസ്ട്രേലിയൻ താരം ജോർജിയ വോളിന്റെ (56 പന്തിൽ 99 നോട്ടൗട്ട് ) ഇന്നിങ്സിന്റെ മികവിലാണ് യുപി ടൂർണമെന്റ് ചരിത്രത്തിലെ ഉയർന്ന ടീം സ്കോർ കുറിച്ചത്. 17 ഫോറും ഒരു സിക്സുമാണ് വോളിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
മറുപടി ബാറ്റിങ്ങിൽ റിച്ച ഘോഷിന്റെ (33 പന്തിൽ 69) അർദ്ധസെഞ്ചറിയുടെ ബലത്തിൽ പൊരുതിയ ബംഗളൂരുവിന് അവസാന നിമിഷം വരെ വിജയപ്രതീക്ഷയുണ്ടായിരുന്നു. സ്നേഹ് റാണയുടെ വെടിക്കെട്ട് ബാറ്റിംഗ് (6 പന്തിൽ 26) അതിന് കരുത്തേകുകയും ചെയ്തു. ദീപ്തി ശർമ എറിഞ്ഞ 19–ാം ഓവറിൽ 3 സിക്സും 2 ഫോറും സഹിതം 28 റൺസാണ് റാണ നേടിയത്. എന്നാൽ ആ പ്രതീക്ഷകൾക്ക് ആയുസ്സ് അധികമുണ്ടായില്ല. അവസാന പന്തിൽ റാണയെ പുറത്താക്കി യുപി വോറിയേഴ്സ് ബംഗളൂരുവിൻ്റെ മോഹങ്ങളുടെ ചിറകരിഞ്ഞു