തിരുവനന്തപുരം: അങ്ങനെ നമ്മൾ അതും നേടിയെടുത്തെന്നും ഇത് അഭിമാന നിമിഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേദിയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. മൂന്നാം മിലെനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞം കമ്മിഷനങ്ങിലൂടെ നടക്കുന്നത്. ഇതു നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറും. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട തുറമുഖമായി മാറുന്നു. ഇത് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. നല്ല രീതിയിൽ സഹകരണം നൽകിയ അദാനി ഗ്രൂപ്പിനും നന്ദി അറയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു തുറമുഖത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്. 5686 കോടിയില്‍ 5370.86 ലക്ഷം കേരളം വഹിച്ചു. ബാക്കി 2497 കോടി അദാനി ഗ്രൂപ്പാണ് വഹിക്കുന്നത്. 8687 കോടിയാണ് ആകെ ചെലവ്. 818 കോടിയുടെ വിജിഎഫ് കേന്ദ്രം നല്‍കും. പദ്ധതി രൂപപ്പെടുത്തിയതും നടപ്പാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.