തിരുവനന്തപുരം: മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണിയുമായി സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. എസ്പിയടക്കം ജില്ലാ പൊലീസിൽ വ്യാപക അഴിച്ചുപണിയാണ് ആഭ്യന്തരവകുപ്പ് നടത്തിയത്. ഡിവൈഎസ്‌പിമാർ മുതലുള്ളവർക്ക് സ്ഥലംമാറ്റമുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ചടക്കം സബ്‌ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.
മലപ്പുറത്ത് പോലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ പ്രവണത പൊലീസിൽ വച്ചുപുലർത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക അഴിച്ചുപണി.മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും.
മലപ്പുറം മുൻ എസ് പിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായ എസ്.സുജിത് ദാസിനെ അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്‌പെൻഡ് ചെയ്‌തിരുന്നു. പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നടപടി.