|കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയോട് ബന്ധപ്പെട്ട് അറസ്റ്റിലായ പിപി ദിവ്യക്ക് വെള്ളിയാഴ്ചയാണ് ജാമ്യം ലഭിച്ചത്. ദിവ്യക്ക് 11 ദിവസത്തെ ജയിൽവാസത്തിൽ നിന്ന് മോചനം നേടാനായ ജാമ്യഹർജിയുടെ വിധി പകർപ്പും ഇന്നലെ തന്നെ പുറത്ത് വന്നു. സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകിയെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും വിധി പകർപ്പിൽ പറയുന്നു. പിപി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണ്. കുടുംബനാഥയുടെ അസാന്നിദ്ധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് ആയില്ലെന്നും വിധിയിൽ പറയുന്നു.
ഒരു ലക്ഷം രൂപ കെട്ടിവെച്ചും രണ്ടു് ആൾ ജാമ്യത്തിലുമാണ് ദിവ്യയുടെ ജാമ്യം . എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാവണം. കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നും വിധിപ്പകർപ്പിലുണ്ട്.
അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതിയിൽ സമ്മതിച്ചിരുന്നു. ദിവ്യയുടെ റിമാൻ്റ് കാലാവധി അടുത്ത ചൊവ്വാഴ്ച അവസാനിക്കും.