കൊച്ചി : സിനിമാ സെറ്റുകളിൽ ലഹരി വിൽപ്പന തകൃതിയായി നടക്കുന്നു എന്നതിലേക്കുള്ള സൂചനയാണ് നടൻ ഷൈൻ ടോം ചാക്കോ ഇന്നലെ പോലീസിന് നൽകിയ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. സിനിമ അസിസ്റ്റൻസ് ആണ് തനിക്ക് ലഹരി എത്തിച്ചു തരുന്നതെന്നും ഇടപാടുകാർക്ക് പണം നൽകാറുണ്ടെന്നും ഷൈനിൻ്റെ മൊഴിയിലുണ്ട്. ഇടപാടുകാർക്ക് പണം നൽകിയിട്ടുള്ളത് കണ്ടെത്താൻ ഷൈനിന്റെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിക്കും. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനായി തിങ്കളാഴ്ച വീണ്ടും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷൈനിൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ഗൂഗിൾ പേ വിവരങ്ങൾ പൂർണ്ണമായും ശേഖരിച്ചു കഴിഞ്ഞു. താൻ ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്നും ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.
ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് നടത്തിയ രാസ പരിശോധനയുടെ ഫലം ഷൈനിന് നിർണ്ണായകമാകും. ഫലം പോസിറ്റീവ് അയാൽ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. ഫലം ലഭിക്കാൻ ഒരു മാസം മുതൽ മൂന്ന് മാസം വരെ സമയം എടുക്കും. ഷൈൻ ലഹരി ഉപയോഗിച്ചു എന്ന് സ്ഥാപിക്കാൻ പരിശോധന ഫലം നിർണ്ണായകമാണ്.
ലഹരി വിൽപ്പനക്കാരൻ സജീറിനെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് വീണ്ടും പോലീസ് ഷൈനിലേക്ക് എത്താൻ കാരണമായത്. റെയ്ഡിന് പോലീസ് സംഘം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ഹോട്ടലിൻ്റെ മൂന്നാം നിലയിൽ നിന്ന് സാഹസികമായി ചാടി രക്ഷപ്പെട്ടെങ്കിലും ഷൈൻ ടോം ചാക്കോ സജീറിന് പണം കൈമാറിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. സജീറിനെ അറിയാമെന്ന് ഷൈൻ പിന്നീട് പോലീസിനോട് സമ്മതിക്കുകയും ചെയ്തു. രാസപരിശോധനയിൽ അന്നേ ദിവസം ഷൈൻ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകും. സജീറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.