കോഴിക്കോട് : പ്രസവുമുൾപ്പെടെയുള്ള ആരോഗ്യ വിഷയങ്ങളിൽ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങൾ കൈകൊണ്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വനിതാശിശുക്ഷേമ വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാൻ്റ്, ലാക്റ്റേഷൻ മാനേജ്മെൻ്റ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
”പ്രസവത്തിലെ മാതൃമരണ നിരക്കിൽ ദേശീയ ശരാശരി 27 ആണ്. ഏതാനും വർഷങ്ങൾ കൊണ്ട് അത് ആറ് ആകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലും കേരളത്തിൽ 4.3 എന്ന അഭിമാന നേട്ടമാണ് സാദ്ധ്യമാക്കിയത്. ഇതിനെതിരെ നിലകൊള്ളുന്ന പിന്തിരിപ്പൻ നയങ്ങളെ ഗൗരവത്തിലെടുക്കും.” – മന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകളെ കുറ്റകൃത്യമായി തന്നെ കണക്കാക്കുമെന്നും ആ നിലയിലുള്ള നിയമ നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
മലപ്പുറത്തെ സംഭവത്തിൽ മണിക്കൂറുകളോളം ചോര വാർന്ന് കിടന്നിട്ടും ആവശ്യമായ പരിരക്ഷ നിഷേധിച്ചത് മനപ്പൂർവ്വമുള്ള നരഹത്യയായി കണക്കിലെടുക്കും. അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ സംരക്ഷിക്കുക പരമപ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
567 കോടി രൂപ ചെലവിൽ കോഴിക്കോട് സ്ഥാപിക്കുന്ന സംസ്ഥാന അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന് ഭരണാനുമതിയായതാണ്. സമീപ കാലത്ത് തന്നെ അത് യാഥാർത്ഥ്യമാകുമെന്നും മന്ത്രി അറിയിച്ചു. വിവിധങ്ങളായ കാരണങ്ങളാൽ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്ന നേരത്തേ ജനിക്കുന്ന കുഞ്ഞുങ്ങൾ, ഭാരം കുറഞ്ഞതും രോഗികളുമായ കുഞ്ഞുങ്ങൾ തുടങ്ങി അമ്മയുടെ പാൽ ലഭിക്കാതെ പോകുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ലഭ്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് ലാക്റ്റേഷൻ മാനേജ്മെൻ്റ് യൂണിറ്റ് സ്ഥാപിക്കുന്നത് വഴി യാഥാർത്ഥ്യമാകുന്നത്. അമ്മയുടെ സ്വന്തം മുലപ്പാൽ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഇവിടെ സൗകര്യമൊരുങ്ങും.
ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ ഭാഗമായി 2022 – ’23 വർഷം അംഗീകാരം നൽകിയ 7,27,548 രൂപയുടെ നിർമ്മാണ പ്രവർത്തികളും 8,33,942 രൂപയുടെ ഉപകരണങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെ ആകെ 15,61,491 രൂപ ചെലവിലാണ് യൂണിറ്റ് സ്ഥാപിതമാവുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ ഭാഗമായി 2020 – 21 ൽ അംഗീകാരം നൽകിയ 58.1 ലക്ഷം ചെലവിലാണ് ഓക്സിജൻ പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. എച്ച് എൽ എൽ കെയർ ലിമിറ്റഡാണ് രണ്ട് യൂണിറ്റുകളുടെയും നിർമ്മാണ പ്രവർത്തികൾ നടത്തിയത്.