ന്യൂഡൽഹി : അമേരിക്കൻ മണ്ണിൽ ഇന്ത്യൻ താൽപര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ വിഘടനവാദികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രണ്ടര ദിവസത്തെ സന്ദർശനത്തിന് ഞായറാഴ്ച ഇന്ത്യയിലെത്തിയ തുൾസി ഗബ്ബാർഡുമായി തിങ്കളാഴ്ചയായിരുന്നു രാജ്നാഥ് സിങ്ങിന്റെ കൂടിക്കാഴ്ച. സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടന നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി വിശദമായി ഗബ്ബാർഡുമായി സംസാരിച്ചു.
പ്രതിരോധ, സുരക്ഷാ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ സംവിധാനങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവലുമായും ഗബ്ബാർഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള രഹസ്യവിവരങ്ങൾ പങ്കിടൽ എങ്ങനെ മെച്ചപ്പെടുത്താമെന്നും സുരക്ഷയിൽ കൂടുതൽ ഒരുമിച്ചു പ്രവർത്തിക്കാമെന്നും ഡോവലും ഗബ്ബാർഡും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. ചൊവ്വാഴ്ച റെയ്സീന ഡയലോഗിൽ ഗബ്ബാർഡ് സംസാരിക്കും. ശേഷം ജപ്പാൻ, തായ്‌ലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഗബ്ബാർഡ് സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.