(ഫോട്ടോ : ഫെയ്സ്ബുക്ക് )
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപന വിവാദം യു.ഡി.എഫിനെ വിട്ടൊഴിയുന്നില്ല.സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിനെ നിർദ്ദേശിച്ചത് ഷാഫി പറമ്പില്‍ ആണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്‍ തന്നെ വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോൾ. കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർദ്ദേശിച്ച് ഡിസിസി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്ത് പുറത്തായതിന് പിന്നാലെയാണ് വീണ്ടും വിവാദങ്ങൾ ഉയരുന്നത്.
സ്ഥാനാർത്ഥി നിർണയത്തിനൊപ്പം ഉയർന്ന ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് പി സരിൻ ഉൾപ്പടെയുള്ളവർ കോൺഗ്രസ് വിട്ട് പുറത്തുപോയത്. അന്ന് അവർ പരാമർശിച്ച പേരും ഷാഫി പറമ്പിലിൻ്റെതാണ്. അപ്പോഴും ആരോപണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു വിഡി സതീശൻ സംസാരിച്ചത്. ഇപ്പോൾ, ഷാഫിയുടെ നിർദ്ദേശം കണക്കിലെടുത്താണ് പാർട്ടി അംഗീകരിച്ച് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് കെപിസിസി അദ്ധ്യക്ഷൻ തന്നെ വ്യക്തമാക്കുമ്പോൾ അത് കോൺഗ്രസ് വിട്ട പി സരിനും മറ്റുള്ളവരും ഉയർത്തി വിട്ട ആരോപണങ്ങളെ ഒന്നുകൂടി ശരിവെക്കുന്നതായി.
സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാൽ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളിൽ കഴമ്പില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടുന്നു.