ഒമ്പത് മാസക്കാലത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച പുലർച്ചെ ഭൂമിയിലേക്ക് മടങ്ങിയെത്തും. തിരിച്ച് വരവ് തീയ്യതി നാസ സ്ഥിരീകരിച്ചു.
പത്ത് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട സുനിതക്കും ബുച്ച് വിൽമോറിനും ബോയിംഗ് സ്റ്റാർലൈനർ കാപ്സ്യൂളിൽ പ്രൊപ്പൽഷൻ തകരാറുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചെത്താൻ കഴിഞ്ഞില്ല. ഞായറാഴ്ച ഐഎസ്എസിൽ വിജയകരമായി ഡോക്ക് ചെയ്ത സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് അവരുടെ തിരിച്ചുവരവ് നടക്കുക. നാസ ബഹിരാകാശയാത്രിക നിക്ക് ഹേഗും റഷ്യൻ ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവും അവരോടൊപ്പം ചേരും.
ചൊവ്വാഴ്ച ET സമയം ഏകദേശം 5:57 pm ന് (2157 GMT, മാർച്ച് 19 ന് IST സമയം പുലർച്ചെ 3:27) ഫ്ലോറിഡ തീരത്തിന് സമീപം കടലിലിറങ്ങുമെന്ന് നാസ അറിയിച്ചു. ബുധനാഴ്ചയാണ് തിരിച്ചുവരവ് ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ ലാൻഡിംഗിന് അനുയോജ്യമായ കാലാവസ്ഥ ഉറപ്പാക്കാൻ അത് വീണ്ടും മാറ്റിവെയ്ക്കുകയായിരുന്നു.
നാസയുടെ പതിവ് ക്രൂ റൊട്ടേഷൻ ദൗത്യത്തിന്റെ ഭാഗമാണ് സ്‌പേസ് എക്സ് ക്രൂ ഡ്രാഗൺ കാപ്‌സ്യൂളിന്റെ വരവ്. എന്നാൽ സുനിതയെയും വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ദീർഘകാലമായി കാത്തിരുന്ന മാർഗ്ഗമായി മാറിയതിനാൽ ഈ പറക്കലിന് കൂടുതൽ അടിയന്തരസ്വഭാവം കൈവന്നു. തിരിച്ചുവരവിനായി ആകാംക്ഷ ഉയരുന്നതിനിടെ, തിങ്കളാഴ്ച എലോൺ മസ്‌ക് രണ്ട് ബഹിരാകാശയാത്രികരും തനിക്കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും നന്ദി പ്രകടിപ്പിക്കുന്ന ഒരു വീഡിയോ പങ്കിട്ടു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത 25 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ സുനിതാ വില്യംസ് പറയുന്നത് ഇങ്ങനെ – “ഞങ്ങൾ താമസിയാതെ തിരിച്ചുവരും, അതിനാൽ ഞാനില്ലാതെ ആ പദ്ധതികൾ ആസൂത്രണം ചെയ്യരുത്. ഞങ്ങൾ താമസിയാതെ തിരിച്ചെത്തും.”
സംഭാഷണം തുടരുന്നു – ”നമുക്കെല്ലാവർക്കും മിസ്റ്റർ മസ്കിനോട് അങ്ങേയറ്റം ബഹുമാനമുണ്ട്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും ഞങ്ങൾക്ക് ആദരവും ബഹുമാനവും ഉണ്ട്. ഞങ്ങൾ അവരെ അഭിനന്ദിക്കുന്നു. അവർ നമുക്കുവേണ്ടി ചെയ്യുന്ന എല്ലാത്തിനും, നമ്മുടെ രാജ്യത്തിനായി മനുഷ്യ ബഹിരാകാശ യാത്രയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്, അവർ വഹിക്കുന്ന സ്ഥാനങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്.”