ന്യൂഡൽഹി : ഇന്ത്യയിലെ സ്വവർഗ വിവാഹങ്ങൾക്കുള്ള നിയമപരമായ അംഗീകാരം നിരസിച്ച സുപ്രധാന തീരുമാനത്തെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നേരത്തെ പുറപ്പെടുവിച്ച വിധിന്യായത്തിൽ സ്വവർഗ യൂണിയനുകൾക്ക് നിയമപരമായ അനുമതി നൽകുന്നതിന് ഭരണഘടനാപരമായ അടിസ്ഥാനമില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ നിലപാട് LGBTQIA + പ്രവർത്തകർക്കും സഖ്യകക്ഷികൾക്കും ഇടയിൽ വ്യാപകമായ ചർച്ചകൾക്കും നിരാശയ്ക്കും കാരണമായെങ്കിലും ഏറ്റവും പുതിയ വിധിയിലും കോടതി മുൻ വിധിയിൽ നിന്ന് അണുയിടമാറ്റം വരുത്താൻ തയ്യാറായില്ല. യഥാർത്ഥ വിധിയിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ നിയമാനുസൃതമാണെന്നും കൂടുതൽ ഇടപെടൽ ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഇതോടെ, തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും തള്ളപ്പെട്ടു.
സ്വവർഗ വിവാഹം സംബന്ധിച്ച 2023ലെ വിധിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ജസ്റ്റിസുമാരായ ബിആർ ഗവായ്, സൂര്യകാന്ത്, ബിവി നാഗരത്‌ന, പിഎസ് നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് ചേംബറിൽ പരിശോധിച്ചെങ്കിലും തുറന്ന കോടതിയിൽ വാദം നടന്നില്ല. കഴിഞ്ഞ വർഷം ജൂലൈയിൽ, വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന പൊതുതാൽപ്പര്യം പരിഗണിച്ച് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എസ് കെ കൗൾ, എസ് രവീന്ദ്ര ഭട്ട്, മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് കോഹ്‌ലി എന്നിവർ വിരമിച്ചതിനെ തുടർന്നാണ് പുതിയ ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ടി വന്നത്.
2023 ഒക്ടോബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ചത്. 3-2 വിധിയിൽ, സ്വവർഗ ദമ്പതികൾക്ക് സിവിൽ യൂണിയനുകൾ അനുവദിക്കാനും കോടതി വിസമ്മതിച്ചു.
ജസ്റ്റിസ് ഭട്ട് ഭൂരിപക്ഷാഭിപ്രായം എഴുതി, ജസ്റ്റിസ് കൗളും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ചേർന്ന് ന്യൂനപക്ഷ വീക്ഷണം നൽകി. എന്നിരുന്നാലും, 1954-ലെ സ്‌പെഷ്യൽ മാരേജ് ആക്‌റ്റിൽ സ്വവർഗ വിവാഹം അനുവദിക്കുന്നത് സാദ്ധ്യമല്ലെന്ന് എല്ലാ ജഡ്ജിമാരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരുന്നു.
പ്രസ്തുത വിഷയത്തിൽ നിയമനിർമ്മാണ മേഖലയിലേക്ക് കടന്നുകയറാൻ ആഗ്രഹിക്കുന്നില്ലെന്ന് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കിയ കോടതി സ്വവർഗ വിവാഹത്തിന് നിയമപരമായ പദവി നൽകുന്ന വിഷയത്തിൽ ചർച്ച ചെയ്യാനും നിയമങ്ങൾ പാസാക്കാനുമുള്ള ഏറ്റവും അനുയോജ്യമായ വേദി പാർലമെൻ്റാണെന്ന് പറഞ്ഞു.