ന്യൂഡൽഹി : സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധിയിലാണ് നിര്‍ദ്ദേശം. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അതു കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി അനുമതി നിഷേധിച്ചാൽ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാം. ഓര്‍ഡിനന്‍സുകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
നിയമസഭ പാസാക്കിയ 10 ബില്ലുകളാണ് തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ചത്. വീണ്ടും സഭ പാസാക്കിയതോടെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. രണ്ടാമതും നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നത് അന്യായവും തെറ്റായ കീഴ്‌വഴക്കവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ബില്ലിന്‍മേല്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നിയമപരമായി അസാധുയായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതാദ്യമായാണ് നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയ പരിധി നിശ്ചയിക്കുന്നത്.
ഗവർണർമാർ അയയ്ക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201–ാം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഈ അനുച്ഛേദത്തിൽ സമയപരിധി നിശ്ചയിച്ചിരുന്നില്ല. ജസ്റ്റിസുമാരായ ജെ.ബി.പർഡിവാല, ആർ.മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ എട്ടിന് തുറന്ന കോടതിയിൽ പുറപ്പെടുവിച്ച വിധിയുടെ പൂർണ്ണ രൂപം ഇന്നലെ അർദ്ധരാത്രിയാണ് സുപ്രീം കോടതി വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. വിധിയുടെ പകർപ്പ് എല്ലാ ഗവർണർമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും, ഹൈക്കോടതികൾക്കും അയച്ച് കൊടുക്കാൻ സുപ്രീം കോടതി നിർദ്ദേശവും വെച്ചിട്ടുണ്ട്.