ന്യൂഡൽഹി: തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീം കോടതി വിധി പരിധി ലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേകാഭിമുഖത്തിലായിരുന്നു സുപ്രീം കോടതിക്കെതിരെ കേരള ഗവർണറുടെ വിമർശനം
ഗുരുതരമായ ആരോപണമാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സംസ്ഥാന ഗവർണർ സുപ്രീം കോടതിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞത്. എന്നാൽ രണ്ട് ജഡ്ജിമാരുള്ള ബെഞ്ചിന് എങ്ങനെയാണ് ഇത്തരത്തിൽ ഒരു വിധി നൽകാൻ സാധിക്കുക എന്നാണ് ഗവർണറുടെ ചോദ്യം. ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രണ്ട് ജഡ്ജിമാർ ഇരുന്ന് സമയപരിധി എങ്ങനെ ഉണ്ടാക്കും. അങ്ങനെ ആണെങ്കിൽ പാർലമെന്റ് ആവശ്യമില്ലാല്ലോ എന്ന് ഗവർണർ ചോദിച്ചു.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാർലമെന്റിന്റെ രണ്ട് സഭകളും ഭരണഘടനമാറ്റാൻ വേണ്ടി തീരുമാനിക്കുകയാണ് വേണ്ടത്. അതിനുപകരം ആ അധികാരം കൂടി കോടതി എടുക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ അഭിമുഖത്തിൽ പറയുന്നു. സുപ്രീം കോടതിയുടെ വിധി കേരളത്തിലെ സാഹചര്യത്തിൽ വ്യത്യസ്തമാണ്. തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട വിഷയം കേട്ട ബെഞ്ച് ഇത് മറ്റൊരു ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സുപ്രീം കോടതിയുടേത് അതിരുകടന്ന പ്രവൃത്തിയാണെന്നും ഇത്തരത്തിൽ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഗവർണർ പറഞ്ഞു.