മലപ്പുറം: നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി നിര്‍മ്മാണക്കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. കമ്പനിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ജലന്ധര്‍ റെഡ്ഡിയാണ് വീഴ്ച ഏറ്റെടുക്കുന്നതായി അറിയിച്ചത്. പ്രാഥമിക വിവരം മാത്രമാണുള്ളതെന്നും എന്താണ് സംഭവിച്ചതെന്നറിയാനുള്ള കൃത്യമായ പരിശോധനകള്‍ തുടരുകയാണെന്നും നിര്‍മ്മാണത്തിനു മുന്‍പ് എല്ലാതരം പഠനങ്ങളും നടത്തിയിരുന്നതായും എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പറഞ്ഞു. പ്രദേശത്ത് പാലമാണ് വേണ്ടതെങ്കില്‍ പാലം നിര്‍മ്മിക്കാനും തയ്യാറാണ്. വിദഗ്ധരുടെ ഉപദേശമനുസരിച്ച് കമ്പനി മുന്നോട്ടുപോകുമെന്നും ജലന്ധര്‍ റെഡ്ഡി വ്യക്തമാക്കി. കമ്പനിയ്ക്ക് 40 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടെന്നും മികച്ച അസംസ്‌കൃതവസ്തുക്കളും സാങ്കേതികവിദ്യയും ഉപയോഗപ്പടെുത്താന്‍ കമ്പനി ശ്രദ്ധ ചെലുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂരിയാട് ദേശീയപാത ഇടിഞ്ഞു വീണ സംഭവത്തില്‍ കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ കഴിഞ്ഞ ദിവസം കേന്ദ്രം ഡീബാര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്പനി വിശദീകരണവുമായി എത്തിയത്. കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനു പുറമെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവെ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് (എച്ച്.ഇ.സി) എന്ന കമ്പനിക്കും കേന്ദ്രം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം. അമര്‍നാഥ് റെഡ്ഡി, ദേശീയപാത നിര്‍മ്മാണത്തിന്റെ ടീം ലീഡറായ രാജ് കുമാര്‍ എന്നീ ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി. പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കരാര്‍ കമ്പനിക്കും കണ്‍സള്‍ട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രം നടപടിയെടുത്തത്. ഡീ ബാർ ചെയ്തതിനാല്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന് ഇനി ദേശീയപാത നിർമ്മാണ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല. .
‘
ഈ മാസം 19നാണ് ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ കൂരിയാട് ഭാഗത്ത് റോഡ് ഇടിഞ്ഞു വീണത്. വീഴ്ചയിൽ സര്‍വ്വീസ് റോഡും തകർന്നു പോയിരുന്നു. സംഭവത്തില്‍ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗ സംഘം പരിശോധന നടത്തിയിരുന്നു. മലയാളിയായ ഡോ. ജിമ്മി തോമസ്, രാജസ്ഥാനിൽ നിന്നുള്ള ഡോ. അനില്‍ ദീക്ഷിത് എന്നിവരാണ് കൂരിയാട് പരിശോധന നടത്തിയത്. ഈ സംഘത്തിന്റെ പ്രഥമിക റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ഡല്‍ഹി ഐഐടിയിലെ പ്രൊ. ജി.വി റാവുവിനെ ഉള്‍പ്പെടുത്തി ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിദഗ്ധസംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിനൊപ്പം കേരളത്തിലെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഈ വിദഗ്ധ സംഘം പരിശോധിക്കുമെന്നാണ് അറിയുന്നത്.