ചെന്നൈ: തമിഴ്‌നാട് ഒരു ഭാഷയെയും എതിർക്കുന്നില്ലെന്നും എന്നാൽ അടിച്ചേൽപ്പിക്കലിനും വർഗീയതയ്ക്കും എതിരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ത്രിഭാഷ വിഷയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമർശനത്തിന് മറുപടിയുമായി ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിലായിരുന്നു
സ്റ്റാലിൻ്റെ പരാമർശം.
യോഗി ആദിത്യനാഥ് എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖം എക്സിൽ പങ്കുവെച്ചുകൊണ്ട്, യോഗിയുടെ പരാമർശങ്ങൾ പൊളിറ്റിക്കൽ ബ്ലാക്ക് കോമഡിയാണെന്നും അദ്ദേഹം വിമർശിച്ചു. ഭാഷാ നയം, മണ്ഡല പുന:നിർണ്ണയം എന്നിവയെക്കുറിച്ചുള്ള തമിഴ്‌നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നു. ബിജെപി ഇതിൽ അസ്വസ്ഥരാണ്. യോഗി വെറുപ്പ് പഠിപ്പിക്കാൻ ശ്രമിക്കുകയാണോയെന്ന് ചോദിച്ച അദ്ദേഹം ‘ഞങ്ങളെ വെറുതെ വിട്ടേക്കൂ’ എന്നും കുറിച്ചു.
തന്റെ വോട്ട് ബാങ്ക് അപകടത്തിലാണെന്ന് തോന്നുന്നതിനാലാണ് സ്റ്റാലിൻ പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് യോഗി ആദിത്യനാഥ് എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.