യുഎസ് നിർമ്മിത എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾക്ക് പകരം തേടി കാനഡ. പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ തന്നെ ഇക്കാര്യം പുറത്ത് വിട്ടത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നാണിത്.
കാനഡയിൽ നിന്ന് വരുന്ന ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25% തീരുവ ഏർപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. “ഞങ്ങളുടെ വ്യോമസേന അവർക്ക് ആവശ്യമായ പ്ലാറ്റ്‌ഫോമായി തിരിച്ചറിഞ്ഞ യുദ്ധവിമാനമായിരുന്നു F-35. പക്ഷേ മറ്റ് ബദലുകൾ ഇപ്പോൾ ഞങ്ങൾ അന്വേഷിക്കുകയാണ്.” ബ്ലെയർ സിബിസിയോട് പറഞ്ഞു. എഫ്-35 ജെറ്റുകൾ വാങ്ങുന്നത് ഉപേക്ഷിക്കുമെന്ന് പോർച്ചുഗൽ സൂചിപ്പിച്ചതിന് പിന്നാലെയാണ് ഈ സംഭവവികാസം. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ ട്രംപ് ഇന്ത്യയ്ക്കും എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ വാഗ്ദാനം ചെയ്തിരുന്നു .
എഫ്-35 ജെറ്റുകളുടെ അറ്റകുറ്റപ്പണികൾ, സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നിവയെല്ലാം യുഎസിലാണ് നടക്കുന്നത്. കഴിഞ്ഞ വർഷം, യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് (ജിഎഒ) പുറത്തിറക്കിയ ഒരു റിപ്പോർട്ട്, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഏറ്റവും നൂതനവും അഭിലാഷവുമായ പ്രതിരോധ പദ്ധതിയായി വാഴ്ത്തപ്പെടുന്ന എഫ്-35 ന്റെ ചെലവ് വർദ്ധനവും പ്രകടന പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.