തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറങ്ങി. ഇലക്‌ട്രിക് വാഹനങ്ങൾക്കും 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ വർദ്ധനയുണ്ടായിട്ടുള്ളത്. നേരത്തെ സംസ്ഥാന ബജറ്റിൽ ഈ പ്രഖ്യാപനം നടത്തിയിരുന്നു. ഉത്തരവ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരും.
15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർദ്ധിപ്പിച്ചത്. കാറുകൾക്ക് 3200 രൂപ, 4300 രൂപ, 5300 രൂപ എന്നിങ്ങനെയാണ് വർദ്ധന. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിൽ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു.
സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവുവന്നിട്ടുണ്ട്.
രജിസ്ട്രേഷൻ അഞ്ചുവർഷത്തേക്കാണ് പുതുക്കിനൽകുക. എല്ലാ ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇപ്പോൾ വിലയുടെ അഞ്ചുശതമാനമാണ് നികുതിയുണ്ടായിരുന്നത്. എന്നാൽ, പുതുക്കിയതുപ്രകാരം 15 ലക്ഷം രൂപവരെയുള്ള വാഹനങ്ങൾക്ക് അഞ്ചുശതമാനമാകും ഇനി നികുതി. 15 മുതൽ 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷംമുതലുള്ള വാഹനങ്ങൾക്ക് 10 ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ത്രീവീലറുകൾക്കും നികുതി അഞ്ചുശതമാനമായിത്തന്നെ തുടരും.
മോട്ടോർവാഹന വകുപ്പ് കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ ഒന്നുമുതലുള്ള നികുതി മാർച്ച് 31-നുമുന്നേ അടച്ചിട്ടുണ്ടെങ്കിൽ ആ വാഹനത്തിൽനിന്ന് മാറ്റം വരുത്തിയ നികുതി ഈടാക്കണമെന്നും ഇതിനായി കണക്ക് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടെന്നും നിർദ്ദേശമുണ്ട്.