ബെംഗളൂരു: വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി പണം തട്ടിയ അദ്ധ്യാപിക അറസ്റ്റിൽ. ബെംഗളൂരുവിലെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്കൂള്‍ പ്രിന്‍സിപ്പളും അദ്ധ്യാപികയുമായ ശ്രീദേവി രുദാഗിയെന്ന 25 കാരിയാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സ്വന്തം വിദ്യാർത്ഥിയായ അഞ്ചു വയസ്സുകാരിയുടെ പിതാവുമായി പ്രണയബന്ധം പുലർത്തി സ്വകാര്യ ഫോട്ടോകളും വിഡിയോകളും കൈക്കലാക്കി 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പുതുതായി 20 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് ഇയാൾ പോലീസിൽ പരാതിയുമായെത്തിയത്.
മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിൽ താമസിക്കുന്ന ട്രേഡറായ ഇയാൾ അഞ്ചു വയസ്സുകാരിയായ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് 2023- ൽ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിൽ എത്തിയത്. തുടർന്ന് അദ്ധ്യാപികയുമായി സൗഹൃദത്തിലായി. ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി പുതിയ ഫോണും സിം കാർഡും ഉപയോഗിച്ചായിരുന്നു അദ്ധ്യാപികയുടെ വീഡിയോ കോളുകൾ. ഇതിനിടെ പരാതിക്കാരന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോയും തന്ത്രപരമായി സ്വന്തമാക്കി. പിന്നെ പ്രണയം വഴിമാറി ഭീഷണിയുടെ സ്വരമായി. ആദ്യം 4 ലക്ഷം രൂപ കൈക്കലാക്കി വീണ്ടും 15 ലക്ഷം ആവശ്യപ്പെട്ടു. ഈ തുക നൽകാൻ ഇയാൾ തയ്യാറായില്ല.
പിന്നീട് അദ്ധ്യാപിക 50,000 രൂപ വാങ്ങാനെന്ന വ്യാജേന പരാതിക്കാരന്റെ വീട്ടിലെത്തി. ബിസിനസ് തകർന്നതിനെ തുടർന്ന് ഗുജറാത്തിലേക്ക് താമസം മാറിയ പരാതിക്കാരൻ കുട്ടിയുടെ ടിസി വാങ്ങാനായി സ്കൂളിലെത്തിയപ്പോൾ തന്ത്രപൂർവം ശ്രീദേവി തന്റെ ഓഫിസിലെത്തിക്കുകയും ഗണേഷ് കാലെ (38), സാഗർ (28) എന്നിവരുമായി ചേർന്ന് 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തന്നില്ലെങ്കിൽ ശ്രീദേവിയും പരാതിക്കാരനും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി.
സഹികെട്ടായിരുന്നു ഇയാൾ പോലീസിന് മൂന്നിലെത്തിയത്.