തിരുവനന്തപുരം: കേരളത്തിൻ്റെ വ്യവസായ വികസനത്തിലുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂർ എം.പിയെ രൂക്ഷമായി വിമർശിച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് മാറിനിന്നുവേണം തരൂർ സ്വതന്ത്രമായ അഭിപ്രായം പറയാനെന്ന് അദ്ദേഹം പറഞ്ഞു.
വസ്തുതകൾ പരിശോധിച്ചിട്ട് വേണമായിരുന്നു തരൂർ അക്കാര്യങ്ങൾ പറയേണ്ടിയിരുന്നത്. അതിശയോക്തിപരമായ കണക്കുകളുടെ പേരിൽ അതിനെ പിന്താങ്ങരുതായിരുന്നു. കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ ഒരു സുപ്രഭാതത്തിൽ അദ്ദേഹം തളളി പറയുന്നതുപോലെയാണ് തോന്നിയത്.
പാർട്ടിയുടെ എം.പിയും കോൺഗ്രസ് വർക്കിങ് കമ്മിറ്റി(സിഡബ്ല്യൂസി)യിലെ അംഗവുമായ അദ്ദേഹം ഇങ്ങനെ സ്വതന്ത്രമായ അഭിപ്രായം പറയുന്നത് ശരിയല്ല. സ്വതന്ത്രമായ അഭിപ്രായം പറയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം മിനിമം ചെയ്യേണ്ടത് വർക്കിങ് കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞുനിൽക്കണം എന്നതാണ്, ഹസ്സൻ മാധ്യമങ്ങളോട് വ്യക്തമാക്കി.