[പ്രതീകാത്മക ചിത്രം]
കൊൽക്കത്ത : കഴിഞ്ഞ കുറെ ദിവസങ്ങളായി വിമാനങ്ങൾക്ക് നേരെ തുടർച്ചയായി എത്തിയ ബോംബ് ഭീഷണി സന്ദേശം ഇപ്പോൾ രാജ്യത്തെ ഹോട്ടലുകളെയാണ് ലക്ഷ്യം വെക്കുന്നത്.
മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷനി സന്ദേശം എത്തിയത്. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്ക് ഇ–മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
കൊൽക്കത്തയിയിൽ മാത്രം പത്തോളം ഹോട്ടലുകൾക്കാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി. പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഐഡിയിൽ നിന്നാണ് സന്ദേശം ലഭിച്ചത്. ‘‘നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയിൽ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗിലാണ് ബോംബ്. അത് ഉടൻ പൊട്ടിത്തെറിക്കും’’– സന്ദേശത്തിൻ്റെ ഉള്ളടക്കം പൊലീസ് വ്യക്തമാക്കുന്നതിങ്ങനെ.
തിരുപ്പതിയിൽ മൂന്നു ഹോട്ടലുകളാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഭയപ്പാടിലായത്. എന്നാൽ പരിശോധനയിൽ സന്ദേശങ്ങൾ വ്യാജമാണെന്ന് വ്യക്തമായി. രാജ്കോട്ടിൽ ഭീഷണി സന്ദേശം ലഭിച്ച 10 ഹോട്ടലുകളിലും അടിമുടി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് രാജ്കോട്ട് ഡപ്യൂട്ടി കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു.