കണ്ണൂർ: ആത്മകഥ താൻ എഴുതി തീർന്നിട്ടില്ലെന്നും പ്രസിദ്ധീകരിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്നും വ്യക്തമാക്കി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. ഇന്ന് പുറത്തുവന്ന ഒരു കാര്യവും താൻ എഴുതിയതല്ലെന്നും ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാർത്തയാണ് താൻ കാണുന്നതെന്നുമാണ് ജയരാജിൻ്റെ ആദ്യ പ്രതികരണം. തൻ്റെ പുസ്തകം താമസിയാതെ പ്രസിദ്ധീകരിക്കുമ്പോൾ കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസി ബുക്സ് ഇപി ജയരാജിൻ്റെ പേരിൽ ഇന്ന് പ്രസാധനം ചെയ്യാനിരുന്ന ‘കട്ടൻ ചായയും പരിപ്പുവടയും ‘ എന്ന പുസ്തകത്തെ സംബന്ധിച്ചായിരുന്നു ഇപിയുടെ വെളിപ്പെടുത്തൽ. ഏറെ വിവാദങ്ങൾക്ക് വഴിവെക്കുന്നതാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം എന്നാണറിയുന്നത്. ‘പല അപ്രിയസത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇ.പി. ജയരാജന്റെ ‘കട്ടന്‍ചായയും പരിപ്പുവടയും- ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ – എന്ന തലവാചകത്തോടുകൂടിയായിരുന്നു പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറെടുത്തിരുന്നത്.
“പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ച മാതൃഭൂമിയോടും ഡിസി ബുക്സിനോടും ആലോചിച്ചിട്ട് പറയാമെന്നാണ് താൻ പറഞ്ഞത്. ഇന്ന് പുറത്തുവന്ന വാർത്തകൾ ബോധപൂർവ്വം സൃഷ്ടിച്ചതാണ്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പ്രസിദ്ധീകരണക്കാരുടെ പ്രത്യേക നടപടികൾ ഉണ്ടോ എന്നും സംശയമുണ്ട്. ഇതുവരെ പുസ്തകം ഞാൻ എഴുതിക്കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കാക്കി സ്ഥാനാർത്ഥികളെ കുറിച്ചുള്ള പരാമർശം ബോധപൂർവ്വം ഉണ്ടാക്കിയതാണ്. പ്രസിദ്ധീകരിക്കാൻ ഞാൻ ഡിസി ബുക്‌സിനെ ഏൽപ്പിച്ചിട്ടില്ല.” ജയരാജൻ പറഞ്ഞു.
“ഡിസി പുറത്തിറക്കും എന്ന് പറയുന്ന പുസ്തകം ഏതാണെന്ന് തനിക്കറിയില്ല. തികച്ചും മാനിപുലേറ്റ് ചെയ്തതാണ് പുസ്തകത്തിലെ കാര്യങ്ങൾ. പുറത്തു വന്നവയെല്ലാം പൂർണ്ണമായും വ്യാജമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ നീക്കമാണിത്. ഇതിനെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കും. പുസ്തകത്തിൻ്റെ കവർപേജ് പോലും താൻ കണ്ടിട്ടില്ല. തന്നെ ഉപയോഗിച്ചു കൊണ്ട് തെറ്റായ വാർത്തയുണ്ടാക്കുകയാണ്. തന്നെയും പാർട്ടിയെയും നശിപ്പിക്കാനുള്ള ലക്ഷ്യമാണിത്.” ജയരാജൻ ആരോപിച്ചു.
അതേസമയം, കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജൻ്റെ പേരിലുള്ള പുസ്തകത്തിന്റെ പ്രസാധനം ഡി സി ബുക്‌സ് നീട്ടിവച്ചു. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കുറച്ചു ദിവസത്തേക്ക് പ്രസിദ്ധീകരണം നീട്ടി വച്ചിരിക്കുന്നു എന്ന് ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെയുള്ള അറിയിപ്പ്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്ന് വിവാദത്തോട് പ്രതികരിക്കുന്നതെന്നോണം ഡി സി ബുക്‌സ് കുറിപ്പിൽ കൂടിച്ചേർത്തിട്ടുണ്ട്.