കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും. വൈകീട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുക. മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ഭൂമിയുടെ പുനർനിർമ്മാണ – പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നിൽ കേരളം സമർപ്പിക്കുന്ന പുതിയൊരു മാതൃകയാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച പന്തലിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. തറക്കല്ലിടൽ ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും.
26.56കോടി രൂപ സർക്കാർ ഹൈക്കോടതിയിൽ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായത്. ഈ വർഷം ഡിസംബറിൽ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുതിയ വീട്ടിൽ താമസം തുടങ്ങാൻ സാധിക്കുമെന്ന് ടൗൺ ഷിപ്പ് നിർമ്മാണം നടത്തുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി പറഞ്ഞു. ഏപ്രിൽ മൂന്നിന് ഹൈക്കോടതിയുടെ അന്തിമ വിധി വന്നാൽ അടുത്ത ദിവസം തന്നെ ടൗൺ ഷിപ്പ് നിർമ്മാണം ആരംഭിക്കുമെന്നും ഊരാളുങ്കൽ വ്യക്തമാക്കി.
ടൗൺഷിപ്പിൽ റോഡുകളും വീടുകളുമായിരിക്കും നിർമ്മിക്കുക. ചിലയിടങ്ങളിൽ ചെരിവുള്ള പ്രദേശമായതിനാൽ ആദ്യം ഈ സ്ഥലങ്ങൾ നികത്തി നിർമ്മാണത്തിന് അനുയോജ്യമാക്കും. സാധനങ്ങൾ എത്തിക്കുന്നതിനുള്ള റോഡുകളുടെ നിർമ്മാണം ആദ്യം തുടങ്ങും. തുടർന്ന് എല്ലാ വീടുകളുടെയും നിർമ്മാണം ഒരുമിച്ച് ആരംഭിക്കും. 400 തൊഴിലാളികളെയും 120 എൻജിനീയർമാരെയും നിയോഗിക്കും. മഴയില്ലാത്ത സമയങ്ങളിൽ രണ്ട് ഷിഫ്റ്റായി ജോലി ചെയ്യും. ഗുണഭോക്താക്കൾ സമ്മത പത്രം നൽകുന്നത് പൂർത്തിയായാൽ മാത്രമേ എത്ര വീടുകൾ വേണമെന്ന കാര്യം അന്തിമമാകൂ. വിദേശ രാജ്യങ്ങളിൽ കാണുന്ന ക്ലസ്റ്റർ രീതിയിലായിരിക്കും വീടുകൾ. വീടുകൾക്കിടയിൽ കൂടുതൽ സ്ഥലം ഒഴിച്ചിടും. വീടിന്റെ മുൻവശത്ത് 22 മീറ്റർ സ്ഥലം വെറുതെയിടും. ഇവിടെ ചെടികൾ വളർത്തുകയോ മറ്റോ ചെയ്യാം. കമ്മ്യൂണിറ്റി ഹാൾ, അങ്കണവാടി തുടങ്ങിയവയുടെ നിർമ്മാണവും ഡിസംബറോടെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഊരാളുങ്കൽ അധികൃതർ അറിയിച്ചു.