കൊച്ചി : അപേക്ഷകന്‍ വായ്പ അടച്ചു തീർത്താൽ ക്രെഡിറ്റ് റേറ്റിംഗ് (സിബിൽ സ്കോർ) നിർബന്ധമായും ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികള്‍ തിരുത്തി നൽകണമെന്ന് ഉത്തരവുമായി ഹൈക്കോടതി. നിയമ പ്രകാരം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പകള്‍ സംബന്ധിച്ച പുതുക്കിയ വിവരം സമാഹരിക്കുകയും ധന സ്ഥാപനങ്ങൾ വായ്പയുടെ വിവരങ്ങൾ കൈമാറണമെന്നും ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ക്രെഡിറ്റ് റിപ്പോർട്ട് പുതുക്കി നൽകേണ്ടതാണെന്നുമാണ് നിയമം അനുശാസിക്കുന്നത്.
ക്രെഡിറ്റ് റേറ്റിംഗ് പുതുക്കി നൽകാതിരിക്കുന്നത് ഇടപാടുകാരുടെ സൽപ്പേരിനെ ബാധിക്കുന്നതാണെന്നും ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. വ്യക്തിയുടെ മൗലികാവകാശങ്ങളായ അന്തസ്സും സ്വകാര്യതയും ബാധിക്കുന്ന വിഷയമാണിതെന്നും കോടതി നിരീക്ഷിച്ചു.
ക്രെഡിറ്റ് റേറ്റിങ് പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് വായ്പ എടുത്തവര്‍ സമര്‍പ്പിച്ച ഹർജിയിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോർട്ട് തേടിയ ശേഷം നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ മുംബൈ ആസ്ഥാനമായ ട്രാൻസ് യൂണിയൻ സിബിൽ കമ്പനി നൽകിയ അപ്പീൽ ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ സാധിക്കുമെന്ന് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ റേറ്റിങ് പുതുക്കി നൽകാത്തത് വ്യക്തികളെ ദോഷകരമായി ബാധിക്കുന്നതാണെന്നും കോടതി വിലയിരുത്തി.