കൊച്ചി: രാജ്യത്ത് ഭരണഘടനയാണ് പരമം. മതവിശ്വാസം ഭരണഘടനയേക്കാൾ വലുതല്ലെന്ന് ഹൈക്കോടതി. ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും ആചരിക്കാനും എല്ലാ പൗരന്മാർക്കും ഭരണഘടന അവകാശം നൽകുന്നുണ്ട്. എന്നാൽ, ഇത് വ്യക്തിപരമാണ്. ഒരു മതമോ ആചാരമോ മറ്റൊരാൾക്കുമേൽ അടിച്ചേൽപിക്കാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ധനകാര്യമന്ത്രിക്ക് കൈകൊടുത്തത് ശരീഅത്ത് നിയമലംഘനമാണെന്നും പ്രായപൂർത്തിയായ വിദ്യാർഥിനി വിശ്വാസലംഘനം നടത്തിയെന്നും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിയ ഉത്തരവിലാണ് കോടതി നിരീക്ഷണം.
കോഴിക്കോട്ടെ സ്വകാര്യ ലോ കോളജിൽ 2017ൽ നടന്ന പരിപാടിയിൽ സമ്മാനം നൽകിയ അന്നത്തെ മന്ത്രി തോമസ് ഐസക്കിന് വിദ്യാർഥിനി കൈകൊടുത്തതിനെത്തുടർന്ന് പ്രതിയായ കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശി അബ്ദുൽനൗഷാദ് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നടത്തുകയായിരുന്നു. ഇത് കുടുംബത്തിന്റെ അന്തസ്സിനെ ബാധിക്കുന്നുവെന്ന് കാട്ടി വിദ്യാർഥിനി നൽകിയ പരാതിയിലെടുത്ത കേസ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. കലാപമുണ്ടാക്കാൻ ശ്രമിച്ചു, സ്ത്രീയുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രവൃത്തി ചെയ്തു തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. മതത്തിൽ നിർബന്ധാവസ്ഥ ഇല്ലെന്നും നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം എന്നും ഖുർആനിന്റെ വിവിധ അധ്യായങ്ങളിൽ തന്നെ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷൻ വാദം ശരിയാണെങ്കിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്കും അവകാശത്തിലേക്കുമുള്ള കടന്നുകയറ്റമാണ് പ്രതി നടത്തിയത്. ഇത് ഗൗരവമുള്ള വിഷയമാണ്. ഇത് രാജ്യത്ത് അനുവദനീയമല്ല. സ്വന്തം ഇഷ്ടത്തിനനുസൃതമായി മതം അനുഷ്ഠിക്കാൻ പരാതിക്കാരിക്ക് അവകാശമുണ്ട്. ഭരണഘടനാപരമായ സംരക്ഷണത്തിനും സമൂഹത്തിന്റെ പിന്തുണക്കും പരാതിക്കാരി അർഹയാണ്. ഹരജിക്കാരനെതിരായ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതിനാൽ കേസ് റദ്ദാക്കാനാവില്ല. നിരപരാധിയാണെങ്കിൽ വിചാരണ നടപടിയിലൂടെ കുറ്റവിമുക്തനാവാൻ അവസരമുണ്ട്. കോടതിയിൽ കീഴടങ്ങി നിയമപരമായി വിചാരണ നേരിടണമെന്നും നിരീക്ഷണം പരിഗണിക്കാതെ വിചാരണ കോടതി എത്രയുംവേഗം വിചാരണ നടത്തി കേസ് തീർപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.