ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്കാരം ശനിയാഴ്ച. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. വ്യാഴാഴ്ച രാത്രി 9.51നായിരുന്നു ദില്ലി എയിംസില്‍ മൻമോഹൻ സിംഗിന്‍റെ അന്ത്യം.. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.
മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ അനുശോചിച്ച് കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും.
അപ്രതീക്ഷിതമായിട്ടായിരുന്നു മൻമോഹൻ സിംഗിൻ്റെ രാഷ്ട്രീയ പ്രവേശനം. 1991 ൽ കോൺഗ്രസ് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയാകാൻ നിയോഗം ലഭിച്ച നരസിംഹറാവുവിൻ്റേതായിരുന്നു ആ സുപ്രധാന തീരുമാനം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തിൽ വലിയ പരിഷ്‌കാരങ്ങളില്ലെങ്കിൽ ഒരു പക്ഷെ തകർന്നുപോയേക്കുമെന്ന നിലയിൽ കാര്യങ്ങളെത്തിയപ്പോഴായിരുന്നു മൻമോഹൻ സിങിൻ്റെ ഉദയം.
പിന്നീട് കോൺഗ്രസിന് ഭരണം നഷ്ടമായപ്പോൾ 1998-2004 കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി മൻമോഹൻ സിങ് മാറിയത് അദ്ദേഹത്തിൽ പാർട്ടി അർപ്പിച്ച വിശ്വാസത്തിൻ്റെ തെളിവായി. പിന്നീട് പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ നിർണായക തീരുമാനങ്ങളെടുത്തു. 2007ൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ച നിരക്ക് 9 % ആയി ഉയർന്നു. ലോകത്ത് അതിവേഗ വളർച്ചയുടെ പാതയിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി തകരാതെ പിടിച്ചു നിർത്തിയതിൽ മൻമോഹൻ സിംഗിൻ്റെ പങ്ക് വളരെ വലുതാണ്.
‘