തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻ തുക അനധികൃമായി
തട്ടിയെടുത്ത സര്‍ക്കാർ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി ധനവകുപ്പ്. അനർഹമായി തട്ടിയെടുത്ത തുക 18 ശതമാനം പിഴ പലിശയടക്കം തിരികെ ഈടാക്കുന്നതിനാണ് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. വ്യാജ രേഖകൾ ചമച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ റദ്ദ് ചെയ്ത് അനർഹമായി കൈപ്പറ്റിയ തുക 18 ശതമാനം പിഴപ്പലിശ സഹിതം തിരികെ ഈടാക്കും. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിൻ്റേതാണ് ഉത്തരവ്.
അനർഹരായ വൃക്തികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനു സഹായകരമായ രീതിയിൽ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കും. ഇതിനു പഞ്ചായത്ത് ഡയറ്കടർ, നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തും. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതോടൊപ്പം അനർഹർ കൈക്കലാക്കുന്നത് തടയേണ്ടതും സർക്കാരിന്‍റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യതയാണെന്നും ഉത്തരവിൽ പറയുന്നു.