തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനം. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരായ ഹർജി തള്ളിയ സാഹചര്യത്തിലാണ് നടപടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സിനിമാ നിർമാതാവ് സജിമോൻ പാറയിലാണ് ഹർജി നൽകിയത്. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. എന്നാൽ റിപ്പോർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന് പിന്നാലെയാണ് സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിക്കുന്നത്. സമിതി റിപ്പോർട്ട് സമർപ്പിച്ച് നാലര വർഷം കഴിഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവിടാൻ മുഖ്യവിവരാവകാശ കമ്മീഷണർ ഉത്തരവിട്ടതോടെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്.
സിനിമാരംഗത്തെ പ്രമുഖരുൾപ്പടെയുള്ളവർക്കെതിരെ റിപ്പോർട്ടിൽ അധിക്ഷേപങ്ങൾ ഉണ്ടെന്നും മറുഭാഗം കേൾക്കാതെയുള്ള റിപ്പോർട്ട് പുറത്തുവിടരുതെന്നും നിർമാതാവ് സജിമോൻ പാറയിൽ ഹർജിയിൽ ആവശ്യപ്പെട്ടു.
റിപ്പോർട്ട് പുറത്തു വിടുന്നതിനെ അനുകൂലിച്ച സംസ്ഥാന വനിത കമ്മിഷനും ഡബ്ല്യുസിസിയും ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശുപാർശകൾ മാത്രമല്ല, കമ്മിറ്റി രൂപീകരിക്കുന്നതിലേക്ക് നയിച്ച കാര്യങ്ങളും പൊതുസമക്ഷത്തിൽ ചർച്ച ചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചത്. അത് മലയാള സിനിമയിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കും. സിനിമ മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകൾ തുടരുന്നതിനു വേണ്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത് എന്നും ഇവർ വാദിച്ചു. സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും സ്ത്രീകൾക്കെതിരെയുള്ള അനീതിക്കും എതിരെ പൊരുതാനാണ് ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ടത് എന്ന് വിധിന്യായത്തിന്റെ തുടക്കത്തിൽ കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ രൂപീകരണത്തിനു ശേഷമുണ്ടായ ചില സംഭവവികാസങ്ങളാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ഡബ്ല്യുസിസിയെ പ്രേരിപ്പിച്ചത് എന്ന് കോടതി പറഞ്ഞു. മലയാള സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നതായിരുന്നു ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. 2017ൽ രൂപീകരിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി 2019 ഡിസംബറിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.
എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം ഹർജി നിലനിൽക്കില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. വ്യക്തിഗതമായി ഒരാളെ ബാധിക്കാത്തിടത്തോളം ഉത്തരവിനെതിരെ ഒരാൾക്ക് റിട്ട് ഹർജി നൽകാൻ സാധിക്കില്ല. റിപ്പോർട്ട് എങ്ങനെയാണ് ഹർജിക്കാരനെ ബാധിക്കുന്നത് എന്നത് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അറിയാനുള്ള അവകാശം ഭരണപരമായ നടപടികളിൽ ഒരു പൗരനെ ഭാഗഭാക്കുന്നതിനുള്ള പ്രധാന കാര്യങ്ങളിലൊന്നാണ്. അറിയാനുള്ള അവകാശം ഉള്ളപ്പോൾ തന്നെ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശവും പ്രധാനമാണ്. അത് പലപ്പോഴും നിയമപരമായും ധാർമികമായും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. എന്നാൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കാതിരിക്കാനുള്ള കാര്യങ്ങൾ വിവരാവകാശ കമ്മിഷൻ സ്വീകരിച്ചിട്ടുണ്ട്. ഹർജിക്കാരുടെ വാദം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ തേർഡ് പാർട്ടികളെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് വിവരാവകാശ കമ്മിഷൻ ഉറപ്പാക്കി. സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് വ്യത്യസ്തമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കമ്മിഷന് നിയമപരമായി അധികാരമുണ്ട്. അതുകൊണ്ട് വർഷങ്ങളുടെ ഇടവേളയില്‍ വ്യത്യസ്ത ഉത്തരവുകളെ ചോദ്യം ചെയ്യുന്നത് നിലനിൽക്കില്ല എന്നും കോടതി വ്യക്തമാക്കി.