കൊച്ചി ∙ മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഭരണഘടന അനുഛേദം 19(2) പ്രകാരമുള്ള യുക്തമായ നിയന്ത്രണമേ ഏർപ്പെടുത്താനാവൂയെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭരണഘടന അനുച്ഛേദം 19(1) എ ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്യ്രത്തിൽ മാധ്യമ സ്വാതന്ത്ര്യവും ഉൾപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ യുക്തിപരമായ നിയന്ത്രണം ഭരണഘടന അനുച്ഛേദം 19(2) ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ പരിഗണനയിലുള്ള കേസുകളും അന്വേഷണം നടക്കുന്ന ക്രിമിനൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്കുള്ള സ്വാതന്ത്ര്യം എത്രത്തോളം എന്ന വിഷയമാണ് പ്രധാനമായും പരിശോധിച്ചത്. നേരത്തെ വിഷയം മൂന്നംഗ ഫുൾ ബെഞ്ച് പരിഗണിച്ചിരുന്നു. തുടർന്ന് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ്, ജസ്റ്റിസ് സി.എസ്.സുധ, ജസ്റ്റിസ് വി.എം.ശ്യാം കുമാർ എന്നിവരുൾപ്പെടുന്ന അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്.
മാധ്യമ സ്വാതന്ത്ര്യവും ഭരണഘടനയുടെ അനുഛേദം 21 പ്രകാരമുള്ള ഒരു വ്യക്തിയുടെ അന്തസ്സിനും സത്കീർത്തിക്കുമുള്ള അവകാശവും തമ്മിൽ എതിരിടുന്ന സാഹചര്യമുണ്ടായാൽ ഭരണഘടന നിഷ്കർഷിക്കുന്ന ഉത്തരവാദിത്തവും മാധ്യമങ്ങൾക്കു ബാധകമാണ്. ക്രിമിനൽ കേസുകളിൽ അന്തിമായ തീർപ്പ് പുറപ്പെടുവിക്കേണ്ടത് കോടതികളാണ്.
ഇതിനു മുൻപ് ഒരാൾ കുറ്റവാളിയാണെന്നോ നിരപരാധിയാണെന്നോ ക്രിമിനൽ അന്വേഷണ ഘട്ടത്തിലോ കേസ് പരിഗണനയിലിരിക്കുമ്പോഴോ മാധ്യമങ്ങൾ ഉറപ്പിച്ചു പ്രഖ്യാപിച്ചാൽ ഭരണഘടനാപരമായ സംരക്ഷണം ലഭിക്കില്ല. വ്യക്തികളുടെ മൗലികാവകാശങ്ങൾ ലംഘിക്കാതെ ഉത്തരവാദപ്പെട്ട സമീപനമാണു മാധ്യമങ്ങൾ സ്വീകരിക്കേണ്ടത്. ഏതെങ്കിലും വ്യക്തിയുടെ ഭരണഘടന പ്രകാരമുള്ള അന്തസ്സിനും സത്കീർത്തിക്കും അവകാശം മാധ്യമങ്ങൾമൂലം നിഷേധിക്കപ്പെട്ടാൽ അതിന് പരിഹാരം തേടി ഭരണഘടന കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.