ഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായുള്ള
രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ അങ്കം കഴിഞ്ഞു. ഡൽഹി നാളെ പോളിംഗ് ബൂത്തിലേക്ക്. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. 220 അർദ്ധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും വിന്യസിച്ചു. നാളെ രാവിലെ 7 മണി മുതലാണ് പോളിങ്ങ് ആരംഭിക്കുക.

മദ്യ നയ അഴിമതി മുതല്‍ കുടിവെള്ളത്തില്‍ വിഷം കലക്കിയതു വരെ ആരോപണ പ്രത്യാരോപണമായി നിറഞ്ഞു നിന്ന ഡൽഹി തെരഞ്ഞെടുപ്പ് പോര് ആംആദ്മി പാർട്ടിക്കും ബിജെപിക്കും കോൺഗ്രസിനും അഭിമാന പോരാട്ടമാണ്. എങ്കിലും ബിജെപിക്കും അരവിന്ദ് കെജ്രിവാളിനും ഇടയിലാണ് പോരാട്ടം കനക്കുന്നത്. മദ്യ നയ അഴിമതി കേസും കെജ്രിവാളിൻ്റെ വസതിക്ക് കോടികൾ ചെലവാക്കിയതുമാണ് ബിജെപി പ്രചാരണായുധമാക്കിയതെങ്കിൽ ക്ഷേമ പദ്ധതികൾ പരിചയാക്കി പ്രതിരോധിക്കാനും ജനശ്രദ്ധ ആകർഷിക്കാനും കെജ്രിവാൾ മിടുക്ക് കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൂടെ നിന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ നോക്കുകയാണെന്ന് പാർട്ടി ആസ്ഥാനത്ത് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ കെജ്രിവാൾ ആരോപിച്ചു.
പ്രചാരണത്തിൽ നഷ്ടപ്പെട്ട മേൽക്കൈ കേന്ദ്ര ബജറ്റ് മുന്നിൽ വെച്ച് അവസാന മണിക്കൂറുകളിൽ മറികടക്കാനാണ് ബിജെപി ശ്രമം. 12 ലക്ഷം വരെ വരുമാനം ഉളളവർ ആദായ നികുതി നൽകേണ്ടതില്ലെന്ന ബജറ്റ് പ്രഖ്യാപനമാണ് ബിജെപിയുടെ ഇപ്പോഴത്തെ പ്രചരണ വിഷയവും തുറുപ്പുചീട്ടും. ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൻ്റെ പേര് വാല്മീകി സ്റ്റേഡിയം എന്നാക്കുമെന്ന പ്രഖ്യാപനവും ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. രാഷ്ട്രീയ പാർട്ടികളുടെ കൂട്ടിക്കിഴിക്കലുകളെയൊക്കെ മാറ്റി നിർത്തി ഇന്ദ്രപ്രസ്ഥം നാളെ ഏതുവിധേന വിധിയെഴുതുമെന്ന് കാത്തിരുന്നു കാണാം