ന്യൂഡൽഹി: വെജിറ്റേറിയൻ എന്ന പേരിൽ വിൽക്കുന്ന ഉത്പന്നത്തിൽ ചേരുവയായി സസ്യേതര ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ച് പതഞ്ജലി ആയുർവ്വേദയ്ക്കെതിരേ ഹർജി. ബ്രാൻഡിന്റെ ഹെർബൽ ടൂത്ത് പൗഡറായ ‘ദിവ്യ മൻജൻ’ എന്ന ഉത്പന്നത്തിൽ മത്സ്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾ ചേർത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. ഹർജി പരിഗണിച്ച കോടതി പതഞ്ജലി ആയുർവേദ, ബാബ രാംദേവ്, കേന്ദ്ര സർക്കാർ, പതഞ്ജലി ദിവ്യ ഫാർമസി എന്നിവർക്ക് നോട്ടീസ് അയച്ചു.
വെജിറ്റേറിയനും സസ്യാധിഷ്ടിതവുമായ ആയുർവേദ ഉത്പന്നമെന്ന നിലയിൽ പരസ്യം നൽകി വിൽക്കുന്ന ഈ ടൂത്ത് പൗഡർ താൻ ദീർഘകാലമായി ഉപയോഗിക്കുന്നുണ്ടെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ, അടുത്തിടെ നടന്ന പഠനങ്ങളിൽ തെളിഞ്ഞത് ഈ ഉത്പന്നത്തിൽ ‘സമുദ്രഫെൻ’ എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് മത്സ്യത്തിൽനിന്ന് വേർതിരിച്ചെടുക്കുന്നതാണ്.
പതഞ്ജലിയുടെ പാക്കിങ്ങിൽ വെജിറ്റേറിയൻ ഉത്പന്നമാണെന്ന് സൂചിപ്പിക്കുന്ന പച്ച നിറത്തിലുള്ള അടയാളമുണ്ട്. ഇത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ ലംഘനമാണെന്നും സസ്യേതര ഭക്ഷണം കഴിക്കുന്നത് മതവിശ്വാസപ്രകാരം നിരോധിച്ചിരിക്കുന്നതിനാൽ ഈ കണ്ടെത്തൽ തനിക്കും കുടുംബത്തിനും പ്രയാസമുണ്ടാക്കിയെന്നുമാണ് പരാതിക്കാരന്റെ വാദം. നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു
ദിവ്യ മൻജൻ എന്ന ഉത്പന്നത്തിൽ സസ്യേതര ഘടകമായ സമുദ്രാഫെൻ അടങ്ങിയിട്ടുണ്ടെന്ന് പതഞ്ജലിയുടെ ഉടമകളിലൊരാളായ ബാബ രാംദേവ് ഒരു യുട്യൂബ് വീഡിയോയിൽ സമ്മതിക്കുന്നുണ്ടെന്നും പരാതിക്കാരൻ ഹർജിയിൽ പറയുന്നുണ്ട്.