കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചതില്‍ ഒരു ഞെട്ടലുമില്ല. തുടര്‍നടപടികള്‍ എന്താണെന്നറിയാന്‍ നിങ്ങളെപ്പോലെ എനിക്കും ആകാംക്ഷയുണ്ട് – നടൻ പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.
സംസാരിച്ചവരില്‍ ഒരാള്‍ ഞാന്‍ ആണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്. – പൃഥ്വിരാജ് വ്യക്തമാക്കി
പഴുതടച്ച അന്വേഷണം ഉണ്ടാകണം. അത് സൂപ്പര്‍ താരങ്ങളെ ഉള്‍പ്പടെ എങ്ങനെ ബാധിക്കണമോ അത് അങ്ങനെ തന്നെ ബാധിക്കണം. ആരോപണം ഉണ്ടെങ്കില്‍ അന്വേഷണം ഉണ്ടാകണം. കുറ്റകൃത്യം ബോധ്യപ്പെട്ടാല്‍ മാതൃകപരമായ നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ ആരോപണങ്ങള്‍ കള്ളമാണെന്ന് ബോധ്യപ്പെട്ടാല്‍ അതേ ശിക്ഷാനടപടികള്‍ ഉണ്ടാകണം.
ആരോപണ വിധേയരുടെ പേരുപുറത്തുവിടുന്നതില്‍ നിയമതടസ്സങ്ങളില്ല. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള പേരുകള്‍ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തില്‍ ഇരിക്കുന്നവരാണ്.
സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അനുഭവപ്പെട്ടിട്ടില്ല. തനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി അത്തരമൊരു ഗ്രൂപ്പ് ഇല്ലെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും പൃഥ്വി പറഞ്ഞു.