തലശ്ശേരി : മതേതരത്വം ഭരണഘടന രാജ്യത്തിന് നല്‍കുന്ന ഏറ്റവും ശക്തമായ ഉറപ്പായിട്ടും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇത്തരത്തില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണുനീരിനെ സാക്ഷിനിര്‍ത്തികൊണ്ടാണ് ദുഃഖവെള്ളി ആചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പരിഹാര പ്രദക്ഷിണം നടത്താന്‍ അനുവാദം ഇല്ലാത്ത പല സ്ഥലങ്ങളും ഭാരതത്തിലുണ്ട്. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. ജബല്‍പുരിലും മണിപ്പൂരിലും ക്രിസ്ത്യാനി ആയതിന്റെ പേരില്‍ പലരും പീഡ അനുഭവിച്ചു.” – അദ്ദേഹം പറഞ്ഞു. കുരിശിന്റെ വഴി പരിപാടിയിലാണ് ആര്‍ച്ച് ബിഷപ്പിന്റെ വിമര്‍ശനം.
മതവും രാഷ്ട്രീയവും ഒന്ന് ചേരുമ്പോള്‍ നീതിയും സത്യവും കുഴിച്ച് മൂടപ്പെടാനും നിഷ്‌കളങ്കര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടാനുമുള്ള അവസരം ഒരുക്കുന്നുവെന്നും പാംപ്ലാനി വിമര്‍ശിച്ചു. എല്ലാവര്‍ക്കും നീതി കിട്ടണം എന്നാണ് ഈ കുരിശിന്റെ വഴി ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.