വര്‍ഗീയശക്തികളെ കോര്‍ത്തിണക്കിയാണ് പാലക്കാട്ട് യുഡിഎഫ് ജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗം ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ്. ഫലപ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് ആദ്യം അവിടെ പ്രകടനം നടത്തിയത് എസ്ഡിപിഐ ആണെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ മികച്ച സ്ഥാനാർത്ഥിയാണെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമായെന്നും കേരളം മുഴുവനും ഇന്നത് അംഗീകരിച്ചുവെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ട് ഇത്തവണ ലഭിച്ചിട്ടുണ്ട്. ബിജെപിയുമായുള്ള വോട്ടിന്‍റെ അന്തരം കുറയ്ക്കാന്‍ കഴിഞ്ഞു. ഇടതു മുന്നണിയെ എഴുതിത്തള്ളേണ്ട സീറ്റല്ല പാലക്കാടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡോ. പി. സരിന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുതല്‍ക്കൂട്ടാണെന്നും മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വയനാട്ടില്‍ യുഡിഎഫിനുണ്ടായത് സ്വാഭാവിക ജയമാണ്. കഴിഞ്ഞവര്‍ഷത്തെ പോലെ ഇത്തവണയും അതാവര്‍ത്തിച്ചെന്നേയുള്ളൂ. ഭരണവിരുദ്ധ വികാരമില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെക്കാളും കൂടുതല്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ ചേലക്കരയില്‍ സാധിക്കുമായിരുന്നില്ല. യുഡിഎഫിന് അങ്ങനെ പറയാന്‍ ആഗ്രഹമുണ്ട്. അത് പ്രകടിപ്പിക്കട്ടെയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.