ന്യൂഡൽഹി: ‘ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് ‘എന്ന യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിവാദത്തിലായ യൂട്യൂബർ രൺവീർ അല്ലാബാദിയയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ഉപയോഗിച്ച വാക്കുകൾ ലജ്ജിപ്പിക്കുന്നതെന്ന് കോടതി വിമർശിച്ചു. വികൃതമായ മനസ്സുളളത് കൊണ്ടാണ് ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടിശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നിയമവാഴ്ചയാൽ ബന്ധിതമായ ഒരു നീതിന്യായ വ്യവസ്ഥ നമുക്കുണ്ട്. അതിൽ ഭീഷണികൾ ഉണ്ടായാൽ നിയമം അതിന്റെ വഴിക്ക് പോകും. രണ്‍വീര്‍ ഉപയോഗിച്ച വാക്കുകൾ ലജ്ജിപ്പിക്കുന്നതാണ്. . ഇത് അശ്ലീലമല്ലെങ്കിൽ പിന്നെ എന്താണെന്നും ബെഞ്ച് ചോദിച്ചു.
അതേ സമയം, രണ്‍വീറിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. രൺവീർ അല്ലാബാഡിയയ്‌ക്കെതിരെ കൂടുതൽ പോലീസ് കേസുകൾ ഫയൽ ചെയ്യാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാൻ കഴിയില്ലെന്നും പാസ്‌പോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു രണ്‍വീര്‍ അല്ലബാദിയ സുപ്രീം കോടതിയെ സമീപിച്ചത്. അസം, മഹാരാഷ്ട്ര പൊലീസാണ് രണ്‍വീര്‍ അല്ലബാദിയക്കെതിരെ കേസെടുത്തത്.
പ്രമുഖ യൂട്യൂബ് ഷോ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ലെ രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകരാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്. ഒരു കോടിയലധികം ഫോളോവേഴ്സുള്ള താരമാണ് ബിയര്‍ബൈസെപ്സ് എന്ന രണ്‍വീര്‍ അല്‍ഹബാദിയ. 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഡിസ്റപ്റ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.