[ഫോട്ടോ:അരുൺ ഹൂനിഗൺ]
കല്‍പ്പറ്റ: അന്ത്യയാത്രയിൽ അവർ അനാഥരായില്ല. ജാതിമത ഭേദമില്ലാതെ അവര്‍ ഒന്നായി മണ്ണിനോട് ചേര്‍ന്നു. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് ഇന്ന് പുത്തുമലയിൽ സംസ്‌കരിച്ചത്. സംസ്കാരത്തിനിടെ കനത്ത മഴ പെയ്തപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ടാര്‍പോളിന്‍ ഉയര്‍ത്തിടിച്ചാണ് സംസ്കാരച്ചടങ്ങുകള്‍ നടത്തിയത്.
കൂട്ടസംസ്‌കാരത്തിന്റെ ആദ്യദിനമായ ഞായറാഴ്ച തിരിച്ചറിയാന്‍ സാധിക്കാത്ത എട്ട് മൃതദേഹങ്ങളും തിരിച്ചറിയപ്പെടാതെ പോയ 88 ശരീരഭാഗങ്ങളും സംസ്‌കരിച്ചിരുന്നു. ചാലിയാറില്‍നിന്നും ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നുമായി ലഭിച്ച മൃതദേഹങ്ങളാണ് ഞായറാഴ്ച സംസ്‌കരിച്ചത്.
വിവിധ മതങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഒന്നിന് പിറകെ ഒന്നായി അന്തരീക്ഷത്തില്‍ ഉയർന്നു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം.
ഓരോ ശരീരഭാഗവും പ്രത്യേകം പെട്ടികളിലാക്കിയാക്കിയാണ് സംസ്‌കരിച്ചത്. സംസ്‌കരിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ നമ്പര്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുന്‍പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിരുന്നു. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ശേഖരിച്ചിട്ടുണ്ട്.