തിരുവനന്തപുരം: ആർത്തവ ശുചിത്വത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് ആരംഭിച്ച ‘തിങ്കൾ’ പദ്ധതിയിലൂടെ എച്ച്.എൽ.എൽ വിതരണം ചെയ്തത് 7.5 ലക്ഷം മെൻസ്ട്രൽ കപ്പ്. ഒക്ടോബർ 31 വരെയുള്ള കണക്കാണിത്. 2018 പ്രളയകാലത്ത് നേരിട്ട സാനിട്ടറി നാപ്കിൻ നിർമ്മാർജന പ്രതിസന്ധിക്ക് പരിഹാരമായാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈയർ ലിമിറ്റഡ് പദ്ധതിക്ക് രൂപം നൽകിയത്.
സംസ്ഥാന സർക്കാരുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചുള്ള പദ്ധതി കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലുമാണ് നടപ്പാക്കുന്നത്. നിർവഹണ ചുമതല എച്ച്.എൽ.എല്ലിന്റെ സാമൂഹിക വിദ്യാഭ്യാസ വികസന വിഭാഗമായ എച്ച്.എൽ.എൽ മാനേജ്മെന്റ് അക്കാദമിക്കാണ്. മെൻസ്ട്രൽ കപ്പുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് അന്താരാഷ്ട്ര വനിത ദിനത്തിൽ കൊച്ചി മെട്രോ സ്റ്റേഷനിലെ വനിത യാത്രക്കാർക്കും ജീവനക്കാർക്കും മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തിരുന്നു.
സംസ്ഥാനത്ത് ‘സുരക്ഷിത്’ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥിനികൾക്ക് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്ന പദ്ധതിക്ക് 2023ൽ തുടക്കം കുറിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ 14ാം പഞ്ചവത്സര പദ്ധതിയില്‍ ‘തിങ്കള്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ മാത്രം ഏകദേശം നാല് ലക്ഷം ഉപഭോക്താക്കൾക്ക് ഇതിനകം ഇതിന്റെ പ്രയോജനം ലഭിച്ചു കഴിഞ്ഞു.
എയർഇന്ത്യ, കോൾ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ടാറ്റാ എലക്സി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. 7.5 ലക്ഷത്തിലധികം മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുക വഴി 10,000 ടൺ നാപ്കിൻ മാലിന്യവും കാർബൺ എമിഷൻ 13,250 ടൺ വരെയും കുറക്കാൻ കഴിഞ്ഞു. ആഭ്യന്തര വിപണിയിൽ ‘വെൽവെറ്റ്’ എന്ന ബ്രാൻഡിലും വിദേശ വിപണിയിൽ ‘കൂൾ കപ്പ്’ എന്ന ബ്രാൻഡിലുമാണ് എച്ച്.എൽ.എൽ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്നത്.