ആ രണ്ടക്ഷരം ഇനിയില്ല, എം ടി വിടവാങ്ങി; മലയാളത്തിൻ്റെ അക്ഷരസുകൃതത്തിന് പ്രണാമം

Date:

കോഴിക്കോട് : ആ രണ്ടക്ഷരം ഇനിയില്ല. എം ടി വിടവാങ്ങി. മലയാളത്തിൻ്റെ  അക്ഷരസുകൃതം 91-ാം വയസ്സിൽ മരണത്തിന് കീഴടങ്ങി. ഇന്ന് രാത്രി പത്തോടെ ബേബി മെമ്മേറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്ത മേഖലകളിലും  ആ രണ്ടക്ഷരം ജ്വലിച്ചുനിന്നു. 

മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമ്മാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുള്ള എം ടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികൾ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു.

1933 ൽ പൊന്നാനിയിലെ കൂടല്ലൂരിലാണ് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.യുടെ ജനനം. മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിൽവച്ചുതന്നെ എഴുത്തു തുടങ്ങി. ആദ്യകാലത്ത് കവിതയാണ് എഴുതിയിരുന്നതെങ്കിലും പിന്നീട് ഗദ്യത്തിലേക്കു വഴിമാറി. വിക്ടോറിയയിലെ പഠനകാലത്താണ് ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യ കഥാസമാഹാരം  പ്രസിദ്ധീകരിക്കുന്നത്. ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി 1953 ല്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടിയതോടെയാണ് എം.ടി. എന്ന ആ രണ്ടക്ഷരം ശ്രദ്ധേയമാകുന്നത്.

കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ചുനാൾ അദ്ധ്യാപകനായി. 1957 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചേർന്നു. നാലുകെട്ട് ആണ് പുസ്തകരൂപത്തിൽ വന്ന ആദ്യനോവൽ. അതിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മലയാളത്തിലെ സാഹിത്യ പത്രപ്രവർത്തനത്തെ പുതിയ ദിശയിലേക്കു നയിക്കാൻ എംടിക്കു കഴിഞ്ഞു. മലയാളത്തിൽ അറിയപ്പെടുന്ന മിക്ക എഴുത്തുകാരെയും പ്രോൽസാഹിപ്പിച്ചതും അവരുടെ രചനകൾ പ്രസിദ്ധീകരിച്ചതും എംടി മാതൃഭ്രമി പത്രാധിപരായിരുന്ന കാലത്തായിരുന്നു. 1965 ൽ മുറപ്പെണ്ണ് എന്ന ചെറുകഥ തിരക്കഥയാക്കിയാണ് സിനിമയിലെ തുടക്കം. ആദ്യ സംവിധാന സംരംഭമായ നിർമ്മാല്യത്തിന് രാഷ്ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ചു. അൻപതിലേറെ സിനിമകൾക്കു തിരക്കഥയെഴുതി. അവയിൽ പലതും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മിക്കതും വാണിജ്യ വിജയങ്ങളുമാണ്. ഏറ്റവുമൊടുവിലായി തിരഞ്ഞെടുത്ത ഒമ്പത് കഥകള്‍ കോര്‍ത്തിണക്കി മനോരഥങ്ങള്‍ റിലീസ് ചെയ്യുന്നത് എം ടി യുടെ തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ചാണ്.

1999-ൽ മാതൃഭൂമിയില്‍ നിന്നു വിരമിച്ച ശേഷം കേരള സാഹിത്യഅക്കാദമിയുടെ അദ്ധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചു. മലയാള മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വ്വകലാശാലയും മഹാത്മഗാന്ധി സര്‍വ്വകലാശാലയും അദ്ദേഹത്തിനു് ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു.

നൃത്താദ്ധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍ –
സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അദ്ധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ. സംസ്‌കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിൽ.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....