ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിനെ യാചകരിൽ നിന്ന് മുക്തമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഭിക്ഷ നൽകുന്നവർക്കെതിരെ 2025 ജനുവരി 1 മുതൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ജില്ലാ ഭരണകൂടം. ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ആശിഷ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഭിക്ഷാടനത്തിനെതിരായ ഞങ്ങളുടെ ബോധവൽക്കരണ കാമ്പയിൻ ഡിസംബർ മാസം അവസാനം വരെ നഗരത്തിൽ നടക്കും. ജനുവരി 1 മുതൽ ആരെങ്കിലും ഭിക്ഷ കൊടുക്കുന്നതായി കണ്ടെത്തിയാൽ, അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും.” അദ്ദേഹം പറഞ്ഞു.
“ഭിയ്ാടകർക്ക് ദാനം നൽകിക്കൊണ്ട് പാപത്തിൽ പങ്കാളികളാകരുതെന്ന് ഇൻഡോറിലെ എല്ലാ നിവാസികളോടും ഞാൻ അഭ്യർത്ഥിക്കുന്നു,” ഉദ്യോഗസ്ഥൻ പറഞ്ഞു. ആളുകളെ ഭിക്ഷാടനത്തിലാക്കുന്ന വിവിധ സംഘങ്ങളെ ഭരണകൂടം അടുത്ത മാസങ്ങളിൽ തുറന്നുകാട്ടിയിട്ടുണ്ടെന്നും ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന പലരെയും പുനരധിവസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇൻഡോർ ഉൾപ്പെടുന്ന രാജ്യത്തെ 10 നഗരങ്ങളെ യാചക വിമുക്തമാക്കാനുള്ള പരീക്ഷണ പദ്ധതിക്ക് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം തുടക്കമിട്ടു.