കൊച്ചി: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി. ലീഗ് പ്രവർത്തകരായ മുനീർ, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുൾ സമദ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. വിചാരണ കോടതി വെറുതേവിട്ട പ്രതികൾക്കാണ് ഇപ്പോൾ ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്.
കേസിലെ പ്രതികൾ വിവിധ വകുപ്പുകളിലായി അഞ്ച് ലക്ഷത്തിപ്പതിനേഴായിരം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വിധി സമൂഹത്തിന് ഒരു സന്ദേശമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
ഷിബിൻ കൊലക്കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളേയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിചാരണകോടതി വെറുതെവിട്ടിരുന്നത്. ഇതിനെതിരേ സംസ്ഥാന സർക്കാരിന്റെയും ഷിബിന്റെ മാതാപിതാക്കളുടേയും ഹർജിയിൽ പ്രതികളെ വെറുതേവിട്ട നടപടി ഹൈക്കോടതി തിരുത്തി. കേസിലെ 17 പ്രതികളിൽ ഒന്നുമുതൽ ആറുവരേയും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. വിചാരണാകോടതി വെറുതെവിട്ടതിനുശേഷമായിരുന്നു ഇത്.
2015 ജനുവരി 22-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാഷ്ട്രീവും വർഗീയവുമായ വിരോധത്താൽ ലീഗ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായി ഷിബിൻ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തിൽ ആറു പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.